'ഉജ്ജ്വല ബാല്യം': മലപ്പുറം ജില്ലയിലെ മൂന്ന് വിദ്യാർഥികൾക്ക് പുരസ്കാരം
text_fieldsമലപ്പുറം: വനിത ശിശു വികസന വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം 2020 വിജയികളെ പ്രഖ്യാപിച്ചു. ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികളെ പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ നിന്നായി ജില്ലയിൽ നിന്നുള്ള മൂന്നു കുട്ടികളാണ് പുരസ്കാരത്തിന് അർഹരായത്. ഭിന്നശേഷി വിഭാഗത്തിൽ നിന്നും തൃക്കലങ്ങോട് മരത്താണി സ്വദേശി സിദ്ദിഖ് - ലബിത ദമ്പതികളുടെ മകൾ ഒമ്പത് വയസ്സുകാരി അൽവീന, ആറ് മുതൽ 12 വയസ്സുവരെയുള്ള വിഭാഗത്തിൽ വള്ളിക്കുന്ന് കീഴയിൽ സ്വദേശി ബജിത് ലാൽ - സോന എസ്. പ്രകാശ് ദമ്പതികളുടെ മകൾ 11കാരി ശ്രേയ ബജിത്ത്, 12 മുതൽ 18 വയസ്സുവരെയുള്ള വിഭാഗത്തിൽ നിന്നും വെളിയേങ്കാട് പഴഞ്ഞി സ്വദേശി ബഷീർ - റുക്സാന ദമ്പതികളുടെ മകൻ 13കാരൻ മുഹമ്മദ് ഫാദിലുമാണ് പുരസ്കാരത്തിന് അർഹരായത്.
ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള അൽവീന കാഴ്ച പരിമിതികൾക്കുള്ളിൽ നിന്ന് കീ ബോർഡ് വായിക്കുകയും ആറ് ഭാഷയിലുള്ള നിറങ്ങൾ, നമ്പറുകൾ പറഞ്ഞും പാട്ടുപാടിയും കഴിവ് തെളിയിച്ചപ്പോൾ 11 വയസ്സുകാരി ശ്രേയ ബജിത്ത് കളരിപ്പയറ്റിലും പാട്ടിലും മികവ് തെളിയിച്ചു.
കേരളത്തിൽ നിന്നും ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടികൂടിയാണ് ശ്രേയ. ഇലക്ട്രോണിക്സ് റോബോട്ടിക്സ് വിഭാഗത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് ഫാദിലിനെ അവാർഡിന് അർഹനാക്കിയത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമാണം, അസാമാന്യ ധൈര്യത്തോടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുരസ്കാരം നൽകുന്നത്. ഓരോ കുട്ടിക്കും പുരസ്കാരവും 25,000 രൂപ വീതവുമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.