അനധികൃത ഫ്ലക്സുകളും ബാനറുകളും; നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം
text_fieldsമലപ്പുറം: പുതുവർഷത്തിന് മുന്നോടിയായി ജില്ലയിൽ തദ്ദേശ സ്ഥാപന പരിധികളിലെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും എടുത്തുമാറ്റാൻ നടപടികൾ തുടങ്ങും.
ഇത് സംബന്ധിച്ച് ജില്ല തദ്ദേശ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. വിഷയം നിരീക്ഷിക്കാനും നടപടികൾ കർശനമാക്കാനും ജില്ല മോണിറ്ററിങ് കമ്മിറ്റി നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. അനധികൃത ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ, ഹോഡിങുകൾ എന്നിവ നീക്കി ബന്ധപ്പെട്ടവരിൽനിന്ന് പിഴ ഈടാക്കണമെന്ന് നവംബർ 21ന് തദ്ദേശ വകുപ്പ് ഇറക്കിയ നിർദേശത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പ് സർക്കുലർ പ്രകാരം നവംബറിൽ തന്നെ നടപ്പാക്കാനാണ് നിർദേശം വന്നിരുന്നത്.
എന്നാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട തിരക്കുകളാണ് വൈകാൻ കാരണമായത്. ഡിസംബർ ആദ്യ വാരം തന്നെ വിഷയത്തിൽ മോണിറ്ററിങ് കമ്മിറ്റി അധ്യക്ഷൻ ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖയുടെയും കൺവീനർ എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ പ്രീതി മേനോന്റെയും നേതൃത്വത്തിൽ യോഗം ചേരും.
നിലവിൽ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ നഗരസഭകളിൽ 1999ലെ കമാനങ്ങൾ വെക്കൽ, പൊതുവിടങ്ങളിലും നഗരങ്ങളിലും പരസ്യങ്ങൾ സ്ഥാപിക്കൽ നിയമ പ്രകാരം 5,000 രൂപ വരെ പിഴ ചുമത്താനും ഗ്രാമപഞ്ചായത്തുകളിൽ പരസ്യങ്ങൾ എടുത്ത് മാറ്റാനുള്ള ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്.
2021 ഡിസംബർ രണ്ടിലെ ഹൈകോടതി വിധിന്യായവും തുടർ വിധികളും സർക്കാർ ചർച്ചകളുമാണ് വിഷയത്തിൽ നടപടികൾ സ്വീകരിക്കാൻ കാരണമായത്. പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കാൽനട യാത്രക്കാർക്ക് യാത്രാതടസത്തിനും ഡ്രൈവർമാരുടെ കാഴ്ചമറക്കുന്നതിനും കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.