മലപ്പുറത്ത് യു.ഡി.എഫ് തരംഗത്തിൽ അടിപതറി സി.പി.എം
text_fieldsമലപ്പുറം: വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ സി.പി.എം വോട്ടുകളിൽ വൻ ഇടിവ്. ജില്ലയിലെ 16 അസംബ്ലി മണ്ഡലങ്ങളിലും പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിലും യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി. സി.എ.എ വിഷയത്തിൽ എൽ.ഡി.എഫ് നടത്തിയ റാലികൾ ന്യൂനപക്ഷ മനസ്സ് മാറ്റാൻ പര്യാപപ്തമായില്ല.
സംസ്ഥാന സർക്കാറിനെതിരായ ഭരണ വിരുദ്ധ വികാരവും ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയുമടക്കം ഘടകങ്ങളാണ് യു.ഡി.എഫിനെ തുണച്ചത്. എൽ.ഡി.എഫ് മണ്ഡലങ്ങളിൽ യു.ഡി.എഫിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നിലമ്പൂരിലാണ്-56,363 വോട്ടുകൾ. സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ ഇറക്കി കാടിളക്കിയിട്ടും നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരെ കാര്യമായ ചലനം സൃഷ്ടിക്കാൻ ഇടതിനായില്ല.
നിലമ്പൂർ മണ്ഡലത്തിൽ 2019ൽ പി.പി. സുനീറിന് ലഭിച്ച വോട്ടുകളേക്കാൾ 700 വോട്ടുകൾ മാത്രമേ ആനിരാജക്ക് അധികമായി നേടാൻ കഴിഞ്ഞുള്ളു. ഇവിടെ രാഹുലിന്റെ ഭൂരിപക്ഷത്തിൽ 6000ൽപരം വോട്ടുകളുടെ കുറവ് വന്നെങ്കിലും അതിന്റെ നേട്ടം കിട്ടിയത് ബി.ജെ.പിക്കാണ്. ഏറനാടും വണ്ടൂരിലും പഴയ ഭൂരിപക്ഷം നിലനിർത്തിയ രാഹുലിനെതിരെ ഇടതിന് കാര്യമായി ഒന്നും ചെയ്യാനായില്ല.
പൊന്നാനിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ 2021ൽ എൽ.ഡി.എഫിന് 4,89,553 വോട്ടുകൾ കിട്ടിയിരുന്നു. ഇത്തവണ അത് 324562 ആയി കുറഞ്ഞു. 1,64, 991 വോട്ടുകളാണ് എൽ.ഡി.എഫിന് നഷ്ടമായത്. ഇത്തവണ യു.ഡി.എഫിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷം കടന്നെങ്കിലും 2019ൽ പി.വി. അൻവറിനും ഇത്തവണ കെ.എസ്. ഹംസക്കും കിട്ടിയ വോട്ടുകളിൽ കാര്യമായ വ്യത്യാസമില്ല.
അടിപതറി മന്ത്രി മണ്ഡലങ്ങൾ
മന്ത്രിമണ്ഡലങ്ങളിലടക്കം സി.പി.എമ്മിന് വൻ തിരിച്ചടി. മന്ത്രി വി. അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരിൽ 41969 വോട്ടുകൾക്കാണ് എൽ.ഡി.എഫ് പിന്നിൽപോയത്.
2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മന്ത്രി വി. അബ്ദുറഹിമാൻ 70704 വോട്ടുകൾ നേടിയ മണ്ഡലത്തിൽ എൽ.ഡി.എഫിന് ഇത്തവണ കിട്ടിയത് 41587 വോട്ടുകൾ മാത്രം. എം.ബി. രാജേഷ് പ്രതിനിധീകരിക്കുന്ന മറ്റൊരു മന്ത്രി മണ്ഡലമായ തൃത്താലയിൽ 9203 വോട്ടുകൾക്ക് എൽ.ഡി.എഫ് പിന്നിലായി.
അസംബ്ലി തെരഞ്ഞെടുപ്പിൽ തൃത്താലയിൽ 69690 വോട്ടുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ കിട്ടിയത് 50617 വോട്ടുകൾ മാത്രം. 2021ൽ എം.ബി. രാജേഷ് 3173 വോട്ടുകൾക്ക് വി.ടി. ബൽറാമിനെ തോൽപ്പിച്ച മണ്ഡലമാണിത്.
തൃത്താലയിൽ ഇത്തവണ ബി.ജെ.പി പെട്ടിയിൽ 5000 വോട്ട് അധികമായി വീണിട്ടുണ്ട്.
പൊന്നാനിയും തവനൂരും കൈവിട്ടു
സി.പി.എം തുടർച്ചയായി വിജയിക്കുന്ന പൊന്നാനി അസംബ്ലി മണ്ഡലത്തിൽ ഇത്തവണ 15416 വോട്ടുകൾക്ക് ഇടതുമുന്നണി പിറകിലായത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി. നന്ദകുമാർ 17043 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. 2021ൽ 74,668 വോട്ടുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ 48579 വോട്ടേ കിട്ടിയുള്ളു. മുൻമന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരിൽ 18016 വോട്ടുകളുടെ ഭൂരിപക്ഷം സമദാനിക്കുണ്ട്.
2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 70358 വോട്ടുകൾ ലഭിച്ച എൽ.ഡി.എഫിന് ഇത്തവണ കിട്ടിയത് 48665 വോട്ടുകൾ മാത്രം.
രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയെ സ്ഥാനാർഥിയാക്കിയിട്ടും, ഇടതു മണ്ഡലമായ നിലമ്പൂരിൽ, യു.ഡി.എഫിനെ തളക്കാൻ സാധിച്ചില്ല. പ്രചാരണത്തിൽ ആനി രാജക്ക് ലഭിച്ച മേൽകൈ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലൊന്നും വോട്ടായില്ല. രാഹുലിനെതിരെയുള്ള പി.വി. അൻവറിന്റെ പരാമർശം ഇടതിന് തിരിച്ചടിയായി.
അപരിചിതനെ കെട്ടിയിറക്കിയത് ബൂമറാങായി
പൊന്നാനി പിടിക്കാൻ സി.പി.എം ഇത്തവണ നടത്തിയ പരീക്ഷണം പാർട്ടിക്ക് തന്നെ ബൂമറാങ് ആകുന്ന അവസ്ഥയാണ് ഉണ്ടായത്. അപരിചിത സ്ഥാനാർഥിയെ സി.പി.എം സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയത് താഴെത്തട്ടിൽ സ്വീകരിക്കപ്പെട്ടില്ല. ലീഗ് വിട്ടെത്തിയ നേതാവിന് പാര്‍ട്ടി ചിഹ്നം നല്‍കിയതിനെതിരെ സി.പി.എം പ്രവര്‍ത്തകരിലുണ്ടായ അവമതിപ്പും പ്രശ്നമായി.
പ്രധാന നേതാക്കളും എം.എൽ.എമാരുമൊന്നും കാര്യമായി പ്രചാരണരംഗത്ത് സജീവമായില്ല. പ്രവർത്തകരിൽ പലരും വോട്ടു ചെയ്യാതെ വിട്ടുനിന്നു. പൊന്നാനി നഗരസഭയിലടക്കം യു.ഡി.എഫ് മേൽകൈ നേടുന്ന അവസ്ഥയുണ്ടായി. കെ.എസ്. ഹംസയിലൂടെ ലീഗ് വോട്ടുകൾ ചോര്‍ത്താനാകുമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ പാളി.
യുവരക്തത്തെ ഇറക്കിയിട്ടും ഫലിച്ചില്ല
മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ സി.പി.എം, യുവരക്തത്തെ ഇറക്കി പ്രചാരണം കൊഴുപ്പിച്ചിട്ടും ഫലമുണ്ടായില്ല. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ഇ.ടിക്ക് ലഭിച്ചത്.
ഇടത് സ്വാധീനമുള്ള മങ്കടയിൽ 41,033ഉം പെരിന്തൽമണ്ണയിൽ 26,799ഉം വോട്ടുകളുടെ ഭൂരിപക്ഷം ഇ.ടിക്ക് ലഭിച്ചു.സി.പി.എം ഭരിക്കുന്ന തദേശഭരണ സ്ഥാപനങ്ങളിൽപോലും ഇടതു സ്ഥാനാർഥി വി. വസീഫ് പിറകിലായി. വി.പി. സാനുവിന്റെ മികവ് നിലനിർത്താൻ വസീഫിനായില്ല.
2021ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സമദാനിക്കെതിരെ വി.പി. സാനു മത്സരിച്ചപ്പോൾ എൽ.ഡി.എഫിന് 4,23,633 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ വസീഫിലുടെ ഇടതിന് ലഭിച്ചത് 3, 41,510 വോട്ടുകൾമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.