കണ്ണീർ പാടം; അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍
text_fieldsചേലേമ്പ്ര: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി. കൊയ്ത്തിന് പാകമായ നെൽകൃഷിയാണ് നശിച്ചത്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നെല്‍ക്കതിരുകൾ കൊയ്തെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. വൈക്കോലും നഷ്ടമായി. കൊയ്തെടുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ദുരന്തം. വൻ തുക ചെലവിട്ട് ഇറക്കിയ കൃഷിക്ക് നേരിട്ട ദുരന്തം കർഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
പെരുണ്ണീരിപാടം പാടശേഖര സമിതി അംഗങ്ങളായ അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി (പ്രസിഡന്റ്),സുരേഷ് ബാബു (സെക്രട്ടറി), വിജയ ആനന്ദവല്ലി, ഏറു കാട്ടില്‍ ബീഫാത്തിമ, ഏറു കാട്ടില്‍ ആയിശ, ഇ.ഐ. കോയ, മുണ്ടക്കാടന്‍ കൃഷ്ണന്, കാവുള്ള കണ്ടി കോയകുട്ടി തുടങ്ങിയവരുടെ നെല്‍കൃഷിയാണ് നശിച്ചത്. കർഷകർ കൃഷിവകുപ്പിൽ വിവരം അറിയിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിയിൽ കൃഷി ഓഫിസറില്ല; ജനം ദുരിതത്തിൽ
പരപ്പനങ്ങാടി: കൃഷിഭവനിൽ ഓഫിസറില്ലാത്തതിനാൽ കർഷകർ നട്ടം തിരിയുന്നു. ഭൂമി തരം മാറ്റാൻ കൊടുത്തവരും കൃഷി സംബന്ധിച്ച് വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും ആഴ്ചകളായി നിരാശരായി മടങ്ങുകയാണ്. നിലവിലുണ്ടായിരുന്ന കൃഷി ഓഫിസർ സ്ഥലംമാറി പോയശേഷം പകരം വന്നയാൾ ചുമതലയേറ്റ ശേഷം അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ കൃഷി ഓഫിസിന്റെ ദൈനംദിന പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.
ഉടൻ കൃഷി ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ കൃഷി മന്ത്രിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.