ഏകീകൃത നിറം: നിയമം പാലിക്കാം സമയം തരൂ
text_fieldsമലപ്പുറം: ഏകീകൃത നിറം (കളർ കോഡ്) അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശത്തിൽ പ്രതിസന്ധിയിലായി ടൂറിസ്റ്റ് ബസ് ഉടമകൾ. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം മുതൽ കളർ കോഡ് നിർബന്ധമാക്കിയത്. ഇതോടെ, നിരത്തിലിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഉടമകൾ. സംസ്ഥാന സർക്കാറും ഹൈകോടതിയും നിർദേശിച്ച ചട്ടങ്ങൾ പാലിക്കാൻ തയാറാണെന്നും സാവകാശം നൽകണമെന്നുമാണ് ആവശ്യം.
കളർ കോഡിനെ പിന്തുണക്കുന്നുവെന്നും ഒറ്റയടിക്ക് സാധിക്കില്ലെന്നും ഇത് പൂർത്തീകരിക്കാനുള്ള സമയം നൽകണമെന്നതാണ് ആവശ്യമെന്ന് കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം മർസൂഖ് അമ്പാളി പറഞ്ഞു. ഏകീകൃത നിറം നടപ്പാക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ മലപ്പുറം കലക്ടറേറ്റിലേക്ക് അസോസിയേഷൻ നേതൃത്വത്തിൽ വാഹന ഉടമകളുടെയും ജീവനക്കാരുടെയും മാർച്ചും ധർണയും നടക്കുന്നുണ്ട്.
ഇനി വെള്ള നിറത്തിലായിരിക്കും ടൂറിസ്റ്റ് ബസുകൾ നിരത്തിലിറങ്ങുക. ഇതിൽ വയലറ്റും സ്വര്‍ണ നിറത്തിലുമുള്ള വരകളുണ്ടാകും. സർവിസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസുകൾക്ക് നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ഏഴു വർഷം വരെയുള്ള ബസുകൾ രണ്ടു വർഷം കൂടുമ്പോഴും ഏഴു വർഷത്തിന് മുകളിലുള്ള ബസുകൾ ഓരോ വർഷത്തിലും ഫിറ്റ്നസ് പുതുക്കണം. ഇതുപ്രകാരം ജൂണിന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ബസുകൾക്കെല്ലാം ഒരു വർഷം മുതൽ കാലാവധിയുണ്ട്. നിലവില്‍ ഫിറ്റ്നസ് ഉള്ളവക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തില്‍ തുടരാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ.
തിരിച്ചടി സീസണിൽ
ടൂറിസ്റ്റ് ബസുകൾക്ക് കളർ കോഡ് നിർബന്ധമാക്കിയതോടെ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. കേരളത്തിലെ ടൂറിസ്റ്റ് സീസണിലാണ് ഈ തിരിച്ചടി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് സംസ്ഥാനത്തുനിന്ന് സ്കൂൾ, കോളജ് യാത്രകൾ കൂടുതലായി പോകുന്നത്. പുതിയ നിർദേശം നടപ്പാക്കാതെ പുറത്തിറക്കാൻ സാധിക്കാത്ത അവസ്ഥയിൽ വലിയ നഷ്ടമാണ് ബസ് ഉടമകൾക്ക്. ബുക്ക് ചെയ്ത പല ട്രിപ്പുകളും ഓടിക്കാൻ പറ്റാത്ത അവസ്ഥ. പെയിന്റ് അടിച്ച് വണ്ടി പുറത്തിറക്കണമെങ്കിൽ വലിയ സമയം എടുക്കും.
പെയിന്റടിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ, മൂന്നാഴ്ചയോളം സമയം
പുതിയ നിർദേശപ്രകാരം ഒരു ബസിന് വെള്ള പെയിന്റ് അടിക്കണമെങ്കിൽ ഒരു ലക്ഷത്തിന് മുകളിൽ ചെലവ് വരും. മൂന്നാഴ്ചയോളം സമയവും വേണം. ജില്ലയിൽ അസോസിയേഷന് കീഴിൽ 600ഓളം വാഹനങ്ങളുണ്ട്. ഇവ പൂർണമായി പുതിയ നിറത്തിലേക്ക് മാറണമെങ്കിൽ മാസങ്ങളെടുക്കും. പെയിന്റ് അടിക്കുന്നതിനായി പെയിന്റ് ബൂത്തുകളെ സമീപിക്കുമ്പോൾ നിലവിൽ സാധിക്കില്ലെന്നാണ് മറുപടി.
സൗണ്ട് സിസ്റ്റവും ലേസറുകളും ഒരുക്കിയത് നിർബന്ധിതാവസ്ഥയിൽ
2018ൽ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമകൾ കൂട്ടമായി ഒരു തീരുമാനം എടുത്തിരുന്നു. ബസുകളിൽനിന്ന് സൗണ്ട് സിസ്റ്റവും നിയമവിരുദ്ധമായ സജ്ജീകരണങ്ങളുമെല്ലാം ഒഴിവാക്കി. ഇതോടെ ജില്ലയിലെ ബസുകൾക്ക് ഓട്ടം കിട്ടാത്ത അവസ്ഥയായി. സമീപ ജില്ലകളിൽ നിന്നുള്ള വണ്ടികൾ ഈ അവസരം മുതലാക്കി. ഇതോടെ, വീണ്ടും സൗണ്ട് സിസ്റ്റവും സൗകര്യവും ഒരുക്കാൻ നിർബന്ധിതരായി. സ്കൂൾ വിനോദയാത്രക്കും വിവാഹ യാത്രക്കും ആദ്യം വാഹനം കണ്ട് ഇഷ്ടപ്പെടണം. ഇതിന് ലൈറ്റിങ് സംവിധാനവും ലേസർ അടക്കമുള്ളവയും ഇല്ലെങ്കിൽ ആരും ബുക്ക് ചെയ്യാത്ത അവസ്ഥയാണ്. ഇപ്പോൾ എല്ലാ അധിക സജ്ജീകരണങ്ങളും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.