രണ്ടത്താണി വലിയകുന്നിൽ ഇരുമ്പ് യുഗ കാലത്തെ അടയാളങ്ങൾ
text_fieldsതേഞ്ഞിപ്പലം: രണ്ടത്താണിക്കടുത്തുള്ള വലിയകുന്നിൽ രണ്ടായിരത്തോളം വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങൾ കണ്ടെത്തി. കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രഫ. ഡോ. പി. ശിവദാസന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇവ കണ്ടെത്തിയത്.
പുരാവസ്തു ശാസ്ത്രത്തിൽ ‘പോസ്റ്റ് ഹോൾ’ എന്നറിയപ്പെടുന്ന നിരവധി കാൽക്കുഴികളും, കപ്പ് മാർക്കുകൾ എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള ആഴംകുറഞ്ഞ ചെറുകുഴികളും ചാലുകളും വിനോദവുമായി ബന്ധപ്പെട്ടതെന്ന് വിശ്വസിക്കുന്ന പല്ലാങ്കുഴികളും വലിയ കുന്നിലെ ചെങ്കൽ പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നു.
ഈ സ്ഥലം അക്കാലത്തെ ഇരുമ്പ് ഖനനം നടത്തിയ സ്ഥലമാണെന്നും സൂചന ലഭിക്കുന്നുണ്ട്. മൂവായിരത്തോളം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഇരുമ്പുയുഗത്തിന്റെ തെളിവുകൾ കൂടിയാണിത്.
കേരളചരിത്ര പഠനത്തിന് സഹായകമായ ശാസ്ത്രീയ തെളിവുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇരുമ്പ് യുഗകാലത്തെ ചെങ്കൽ ഗുഹകളും കുടക്കല്ലുകളും മുൻകാലത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.
വലിയകുന്നിൽ മുതിർന്ന വ്യക്തിയുടെയും കുട്ടിയുടെയും കാൽപാദങ്ങളും ഇരുമ്പായുധങ്ങൾ കോറിയിട്ടതായി കാണുന്നുണ്ട്. പരിശോധന സംഘത്തിൽ ഗവേഷകർക്കൊപ്പം ഫറൂഖ് രണ്ടത്താണിയും ഉണ്ടായിരുന്നു. കുന്നിടിച്ചിലും ക്വാറികളും വിലപ്പെട്ട ഈ തെളിവുകൾക്ക് ഭീഷണിയാണെന്ന് ഗവേഷക സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.