ദേശീയതയുപയോഗിച്ച് മതാധിഷ്ഠിത രാഷ്ട്രമുണ്ടാക്കാനുള്ള ശ്രമം -പ്രഫ. എസ്. ഇർഫാൻ ഹബീബ്
text_fieldsതേഞ്ഞിപ്പലം: അതിതീവ്ര ദേശീയതയുപയോഗിച്ച് മതാധിഷ്ഠിത രാഷ്ട്രമുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ചരിത്രകാരൻ പ്രഫ. എസ്. ഇർഫാൻ ഹബീബ്. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ഡോ. കെ.പി. ഹരിദാസൻ ഫൗണ്ടേഷൻ എൻഡോവ്മെന്‍റ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സയൻസ്, ചരിത്രം, തീവ്രദേശീയത' എന്ന വിഷയത്തിലാണ് പ്രഫ. ഇർഫാൻ ഹബീബ് സംസാരിച്ചത്. ചരിത്രവും ശാസ്ത്രവും തീവ്രദേശീയതയുടെ ഇരയായിത്തീരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതയുടെ പേരിൽ ഭൂരിപക്ഷ മതാധിപത്യം സ്ഥാപിക്കുകയാണ്. സ്വാതന്ത്ര്യ സമരം പകർന്നുതന്ന ദേശീയത മതപരമായ ദേശീയതയല്ല. മുസ്ലിംകൾ ഇന്ത്യ വിടേണ്ടവരാണെന്ന് പ്രചരിപ്പിക്കുകയാണ് തീവ്രദേശീയത ചെയ്യുന്നത്. ബഹുസ്വര ഇന്ത്യക്കായുള്ള സ്വാതന്ത്ര്യ സമരമാണ് നാം കണ്ടത്. സ്വാതന്ത്ര്യസമരം വിഭാവനം ചെയ്ത ദേശീയതയും അതാണ് -പ്രഫ. ഇർഫാൻ ഹബീബ് പറഞ്ഞു.
സെമിനാർ പരീക്ഷ കൺട്രോളർ ഡോ. ഗോഡ്വിൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. ഡോ. പി. ശിവദാസൻ അധ്യക്ഷനായി. 'നവോത്ഥാനം, സയൻസ്, മാതൃഭാഷ' എന്ന വിഷയത്തിൽ ഡോ. കെ.എം. അനിൽ സംസാരിച്ചു. ചരിത്രവിഭാഗം മേധാവി ഡോ. എം.പി. മുജീബ് റഹ്മാൻ മുഖ്യാതിഥിയായി.
ഫൗണ്ടേഷന്‍റെ മെറിറ്റ് അവാർഡുകൾ ചരിത്രവിഭാഗം വിദ്യാർഥികളായ കെ.ഇ ഷംന, ആർ. അനുപ്രിയ രാജ്, ടി.സി. അശ്വതി എന്നിവർക്ക് സമ്മാനിച്ചു. ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം മലയാള വിഭാഗം ഗവേഷകൻ കെ.ടി. പ്രവീണിന് സമ്മാനിച്ചു. ഡോ. ടി.പി. ശിഹാബുദ്ധീൻ സ്വാഗതവും ഡോ. ആർ. വിനീത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.