സ്പെയിനിലെ അന്താരാഷ്ട്ര സസ്യശാസ്ത്ര കോണ്‍ഗ്രസ്; കാലിക്കറ്റില്‍നിന്ന് ഒമ്പത് ഗവേഷകര്‍
text_fieldsതേഞ്ഞിപ്പലം: സ്പെയിനിൽ നടക്കുന്ന അന്താരാഷ്ട്ര ബൊട്ടണിക്കല്‍ കോണ്‍ഗ്രസിന് കാലിക്കറ്റ് സര്‍വകലാശാലയിലെ എട്ട് ഗവേഷകര്‍. ജൂലൈ 21 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനത്തില്‍ ബോട്ടണി പഠന വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. മഞ്ജു സി. നായര്‍, ഡി.എസ്.ടി വിമൻ സയന്റിസ്റ്റ് ഡോ. എ.പി. ജനീഷ, ഗവേഷകരായ ആഷ്ന ടോംസ്, അശ്വതി ഗംഗ, ഐ. അംബിക, വി.വി. ദൃശ്യ എന്നിവര്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളിലായി ഡോക്ടറേറ്റ് നേടിയ ഡോ. എസ്. രശ്മി (റിസര്‍ച്ച് അസോസിയേറ്റ്, ബൊട്ടണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കോയമ്പത്തൂര്‍), ഡോ. പി. സൗമ്യ (റിസര്‍ച്ച് അസോസിയേറ്റ്, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കൊല്‍ക്കത്ത), ഡോ. വിഷ്ണുമോഹൻ യങ് പ്രഫഷനല്‍, കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി) എന്നിവര്‍ക്കുമാണ് പ്രബന്ധാവതരണത്തിനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്.
സസ്യവര്ഗീകരണത്തിനുള്ള നിയമങ്ങളും ശുപാര്‍ശകളും തീരുമാനിക്കപ്പെടുന്ന സമ്മേളനം ആറുവര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്. ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ പ്ലാന്റ് ടാക്സോണമി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗവേഷകരാണ് പങ്കെടുക്കുക. ബോട്ടണി പഠനവകുപ്പിലെ സീനിയര്‍ പ്രഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഡോ. എസ്. രശ്മി ഇന്റര്‍നാഷനല്‍ അസോസിയേഷന് ഫോര്‍ പ്ലാന്റ് ടാക്സോണമിയുടെ ട്രാവല്‍ ഗ്രാന്റിനും ഡോ. വിഷ്ണുമോഹന് ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് റിസര്‍ച് ബോര്‍ഡിന്റെ ട്രാവല്‍ ഗ്രാന്റിനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാലിക്കറ്റിലെ തന്നെ പ്രഫസറായ ഡോ. പി. സുനോജ്കുമാറിന് കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കിയയാളാണ് ഡോ. പി. സൗമ്യ. നിലവില്‍ ഗവേഷണ വിദ്യാര്‍ഥികളാണ് ആഷ്ന ടോംസും അശ്വതി ഗംഗയും. അസി. പ്രഫസറായ ഡോ. സി. പ്രമോദിന് കീഴിലെ ഗവേഷകരാണ് ഐ. അംബികയും വി.വി. ദൃശ്യയും (ഗവ. ബ്രണ്ണന്‍കോളജ്, തലശ്ശേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.