ഐ.ടി.എസ്.ആര് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി: ഇടത് അധ്യാപക സംഘടന പ്രസിഡന്റ് ഹൈകോടതിയില്‍
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഗോത്രവർഗ ഗവേഷണ പഠനകേന്ദ്രം (ഐ.ടി.എസ്.ആർ) ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ നടപടിക്കെതിരെ ഇടത് അധ്യാപക സംഘടനയായ അസോസിയേഷന് ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) പ്രസിഡന്റ് ഡോ. വസുമതി ഹൈകോടതിയില്‍ ഹരജി നല്കി. ഹരജി സ്വീകരിച്ച കോടതി സര്‍വകലാശാലയോട് നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദീകരണം തേടി. സര്‍വകലാശാല എജുക്കേഷന്‍ പഠനവിഭാഗം അസി. പ്രഫസറായ ഡോ. വസുമതി തന്നോട് വിശദീകരണം തേടാതെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അന്യായമായി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ ആഴ്ച വൈസ് ചാന്‍സലറാണ് ഡോ. വസുമതിയെ നോട്ടീസുപോലും നല്‍കാതെ സ്ഥാനത്തുനിന്ന് മാറ്റിയത്.
ഗോത്ര പഠനവിഭാഗത്തിലെ ചില അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, എന്തുകാരണത്താലാണ് നടപടി സ്വീകരിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് നേരേത്ത മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, സിന്‍ഡിക്കേറ്റ് മുമ്പാകെ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതിന് മുമ്പ് വൈസ് ചാന്‍സലര്‍ നടപടിയെടുക്കുകയായിരുന്നു. തന്റെ ഭാഗം കേള്‍ക്കണമെന്നും സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും ഡോ. വസുമതി ഹരജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രസിഡന്റിനെ നോട്ടീസുപോലും നല്‍കാതെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ആക്ട് ഭാരവാഹികളാരും പ്രതികരിച്ചിട്ടില്ല. ഐ.ടി.എസ്.ആറിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന് നേരേത്ത പരാതി ലഭിച്ചിരുന്നു. പരാതി പട്ടികജാതി വര്‍ഗ കമീഷന് കൈമാറി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഡയറക്ടറെ മാറ്റിയതും വിഷയം കോടതിയിലെത്തിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.