വലിയ വിമാനങ്ങളില്ല, കോവിഡ് പ്രതിസന്ധി; പിറകോട്ട് പോകാതെ കരിപ്പൂർ
text_fieldsകരിപ്പൂർ: വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം തുടരുമ്പോഴും കോവിഡ് പ്രതിസന്ധിക്കിടയിലും യാത്രക്കാരുടെ എണ്ണത്തിൽ പിറകോട്ട് പോകാതെ കോഴിക്കോട് വിമാനത്താവളം. കോവിഡ് കാലത്ത് സർവിസുകളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ രാജ്യത്ത് ആറാമതാണ് കരിപ്പൂർ. കൂടുതൽ സർവിസുകളും വലിയ വിമാനങ്ങളുമുള്ള വിമാനത്താവളങ്ങളെ മറികടന്നാണ് കരിപ്പൂർ രാജ്യാന്തര യാത്രികരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്.
2021-22 സാമ്പത്തിക വർഷത്തിൽ കരിപ്പൂർ വഴി സഞ്ചരിച്ചവരുടെ എണ്ണം 16,65,145 പേരാണ്. കോവിഡിന് മുമ്പ് 32.29 ലക്ഷമായിരുന്നു മൊത്തം യാത്രക്കാർ.
കോവിഡ് രൂക്ഷമായ 2020-21ൽ 9,02,012 പേരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ മൊത്തം യാത്രികരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും കരിപ്പൂരിനാണ്. കൊച്ചി- 47,17,777, തിരുവനന്തപുരം-16,55,506, കണ്ണൂർ-7,99,122 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ആഭ്യന്തര യാത്രക്കാരുടെ എണ്ണമാണ് തിരുവനന്തപുരത്തിന് നേട്ടമായത്. കഴിഞ്ഞ വർഷം 13,55,424 പേരാണ് കരിപ്പൂർ വഴി സഞ്ചരിച്ച രാജ്യാന്തര യാത്രികർ.
ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് കരിപ്പൂരിന് മുന്നിലുള്ള വിമാനത്താവളങ്ങൾ. മുൻവർഷം 7,12,872 ആയിരുന്നു യാത്രക്കാർ. സർവിസുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 10,697 അന്താരാഷ്ട്ര സർവിസുകളാണ് ഈ കാലയളവിൽ നടത്തിയത്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 5611 ആയിരുന്നു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് ആഭ്യന്തര സർവിസുള്ളത് കരിപ്പൂരാണ്. യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാമതാണ് കരിപ്പൂർ. 3,09,721 ആണ് കഴിഞ്ഞ വർഷത്തെ ആഭ്യന്തര യാത്രക്കാർ. 4311 ആഭ്യന്തര സർവിസുകളാണ് മുൻ വർഷം നടന്നത്.
ഇതേ കാലയളവിൽ 5674 ആഭ്യന്തര സർവിസുകൾ നടന്ന കണ്ണൂരിൽ യാത്രക്കാരുടെ എണ്ണം 2,76,492 ആണ്. 10,544 ടൺ ആണ് 2021-22ലെ ചരക്കുനീക്കം. ഇതിൽ 9937 ടൺ അന്താരാഷ്ട്ര സെക്ടറിലും 607 ടൺ ആഭ്യന്തര സെക്ടറിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.