28 വർഷത്തിനുശേഷം കണ്ടെത്തി: അബൂബക്കറുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി
text_fieldsതേഞ്ഞിപ്പലം: 28 വർഷത്തെ കാത്തിരിപ്പിനുശേഷം ചെന്നൈയിൽനിന്ന് കണ്ടെത്തിയ ഒളകര കൂമണ്ണ വലിയപറമ്പിൽ പുറത്താട്ട് അബൂബക്കറിനെയും കൂട്ടി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി. വർഷങ്ങൾക്കു മുമ്പ് കാണാതായ ഇയാളെക്കുറിച്ച് കണ്ണൂർ കാഞ്ഞിരോട് മുഹമ്മദ് റാഫിയാണ് ഒളകരയിലെ ബന്ധുക്കൾക്ക് വിവരം നൽകിയത്. ചെന്നൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ ചികിത്സയിലായിരുന്നു അബൂബക്കർ. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കായി ചെന്നൈയിൽ പുനരധിവാസ കേന്ദ്രം നടത്തുകയാണ് മുഹമ്മദ് റാഫി. ചികിത്സക്ക് ശേഷം ബന്ധുക്കളെ കണ്ടെത്തി നൽകാൻ പുനരധിവാസകേന്ദ്രത്തിൽ ഏൽപിക്കാറുണ്ട്. കഴിഞ്ഞ ജൂണിലാണ് അബൂബക്കറിനെ മുഹമ്മദ് റാഫിയുടെ കേന്ദ്രത്തിലെത്തിച്ചത്. കൃത്യമായ വിവരങ്ങൾ പറയാൻ സാധിച്ചിരുന്നില്ലെങ്കിലും ഒളകരയടക്കം ചില സ്ഥലപ്പേരുകൾ പറഞ്ഞിരുന്നു. പിതാവിന്റെ പേര് മുഹമ്മദ് ആണെന്നും ഒരു സഹോദരനുണ്ടെന്നും അറിയിച്ചിരുന്നു.
ബന്ധുക്കളെ കണ്ടെത്താൻ അബൂബക്കറിന്റെ ഫോട്ടോയും കിട്ടിയ വിവരങ്ങളും റാഫി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തിരിച്ചറിയുകയായിരുന്നു. ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി ചെന്നൈയിൽ ജോലിയുണ്ടായിരുന്ന പിതാവ് അവിടേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് കാണാതാവുകയായിരുന്നു. ഏറെ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.
തന്റെ സ്വത്തിൽ ഒരു ഭാഗം കാണാതായ മകനായി പിതാവ് മാറ്റിവെച്ചിരുന്നു. പിതാവ് മമ്മദിന്റെ മരണശേഷവും അബൂബക്കറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. റാഫിയുടെ ഇടപെടലിൽ കഴിഞ്ഞ ചൊവ്വാഴ്ച വിഡിയോ കാൾ വഴി ബന്ധുക്കൾ കണ്ട് തിരിച്ചറിഞ്ഞു. വ്യാഴാഴ്ചയാണ് അയൽവാസി അബ്ദുൽ മജീദ് ഹാജി, സഹോദരിയുടെ മകൻ പി.കെ. അനസ്, ബന്ധുക്കളായ ജസിം, ഷംസുദ്ദീൻ എന്നിവർ ചെന്നൈയിലേക്ക് പോയത്. വെള്ളിയാഴ്ച രാവിലെ പുനരധിവാസ കേന്ദ്രത്തിൽനിന്ന് വിടുതൽ നൽകി തിരിച്ചുപോന്നു. കൂടുതൽ ആരുമായും പ്രതികരിക്കുന്നില്ലെന്നും നാട്ടിലെത്തിയാൽ തിരൂരിലുള്ള മാനസികാരോഗ്യ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. ജനങ്ങളുമായി ഇടപഴകി മാനസികാരോഗ്യം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ചെന്നൈയിൽ പുനരധിവാസ കേന്ദ്രത്തിൽനിന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.