ദേശീയപാത വികസനം: ഇടിമൂഴിക്കൽ അങ്ങാടി ഇനി ഓർമ
text_fieldsതേഞ്ഞിപ്പലം: ദേശീയപാത വികസനത്തിനുവേണ്ടി പൊളിച്ചുനീക്കിയതോടെ ജില്ല അതിർത്തിയിലെ ഇടിമൂഴിക്കൽ അങ്ങാടി പൂർണമായും ഇല്ലാതായി.
നെരത്തുമ്മൽ എന്ന് പഴമക്കാർ വിളിച്ചുപോന്നിരുന്ന ചേലേമ്പ്രക്കാരുടെ പ്രധാന കവലയായിരുന്നു ഇടിമൂഴിക്കൽ. പിൽക്കാലത്ത് നിരവധി കെട്ടിടങ്ങൾ വന്ന് അങ്ങാടി വികസിച്ചെങ്കിലും പഴയ കെട്ടിടങ്ങൾ വികസനത്തിനുവേണ്ടി പൊളിച്ചുനീക്കുംവരെ നില കൊണ്ടിരുന്നു.
കുറിക്കല്യാണങ്ങൾ അരങ്ങേറിയിരുന്ന ചായ മക്കാനി വരെ അടുത്ത കാലം വരെ ഇടിമൂഴിക്കലിനെ വേറിട്ടതാക്കി. പ്രധാന ബീഡി തെറുപ്പ് കേന്ദ്രമായിരുന്ന ഇവിടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കപ്പക്കച്ചവടം ഉൾപ്പെടെ ഇടിമൂഴിക്കലിന്റെ സുവർണ കാലഘട്ടമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
അങ്ങാടിയുടെ ഓരംപറ്റി ജീവിതം മുന്നോട്ട് നീക്കിയവരുടെ സ്ഥിതിയാണ് ഏറെ ദയനീയം. കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ പതിറ്റാണ്ടുകളായി കുടുംബം പോറ്റിയിരുന്ന കച്ചവട സ്ഥാപനങ്ങൾ പൂട്ടിപ്പോവേണ്ടി വന്നവർ ഏറെയാണ്. ഇടിമൂഴിക്കൽ അങ്ങാടിയിലെ ഇരു സൈഡിലുമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ ശൂന്യമായ നിരത്ത് മാത്രമാണ് ബാക്കി. ദേശീയപാതക്കുവേണ്ടി പൊളിച്ചുനീക്കേണ്ടി വരുമെന്ന് കണ്ട് പഞ്ചായത്ത് ഓഫിസിന് സമീപം നിരവധി കെട്ടിടങ്ങളാണ് പുതുതായി നിർമിച്ചത്.
ഏറക്കുറെ വ്യാപാര സ്ഥാപനങ്ങളും ഇങ്ങോട്ട് മാറിയതോടെ മേലെ ഇടിമൂഴിക്കൽ എന്നും നാമകരണം ചെയ്തു. ഇവിടെ ദേശീയപാത വഴി മാറി പോവുന്നതാണ് രക്ഷയായത്. വൻ കവർച്ച നടന്ന സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ച കെട്ടിടവും വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.