പഴയ പാചകവാതക സിലിണ്ടറുകൾ: സംയുക്ത പരിശോധനക്ക് തീരുമാനം
text_fieldsതേഞ്ഞിപ്പലം: അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള പാചകവാതക സിലിണ്ടറുകള്‍ സമയബന്ധിതമായി നവീകരിച്ച് ഉപയോഗിക്കുന്നതില്‍ ഗുരുതര സുരക്ഷ വീഴ്ചയെന്ന ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് ജില്ല കലക്ടറുടെ ഇടപെടല്‍. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്യാസ് ഏജന്‍സികള്‍, വിതരണ കേന്ദ്രങ്ങള്‍, ചേളാരി ഐ.ഒ.സി പ്ലാന്റ് അടക്കമുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ഉള്‍പ്പെടെ നടപടി തുടങ്ങി.
പി. അബ്ദുൽ ഹമീദ് എം.എല്‍.എ ജില്ല വികസന സമിതി യോഗത്തില്‍ അതിഗൗരവ പ്രാധാന്യമുള്ള വിഷയം ഉന്നയിച്ചിരുന്നു. കാലപ്പഴക്കം ചെന്ന സിലിണ്ടറുകളില്‍ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പാചകവാതകം ലഭ്യമാക്കരുതെന്ന നിയമമുണ്ടായിട്ടും പലപ്പോഴും ലംഘിക്കപ്പെടുന്നതായുള്ള വാര്‍ത്ത ‘മാധ്യമം’ ഡിസംബര്‍ 27നാണ് പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത പരാമര്‍ശിച്ചായിരുന്നു എം.എല്‍.എയുടെയുടെ ഇടപെടല്‍. കലക്ടറുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കേടുപാട് തീര്‍ത്ത് നവീകരിക്കാത്ത സിലിണ്ടറുകള്‍ പലതും വിപണിയിലുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ പാചകവാതക സിലിണ്ടറുകളാണ് വിപണിയിലുള്ളത്. ഇതില്‍ 60 ശതമാനവും ഐ.ഒ.സിയുടേതാണ്. നിയമപ്രകാരം ഉപയോഗിക്കാവുന്ന കാലാവധിയായ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അത്തരം സിലിണ്ടറുകള്‍ തെരഞ്ഞെടുത്ത് സിലിണ്ടറിന്റെയും വാള്വിന്റെയും കേടുപാട് തീര്‍ത്ത് പെയിന്റടിച്ച് നവീകരിക്കണം. ഇതിനായി ഐ.ഒ.സി അടക്കമുള്ള കമ്പനികള്‍ പ്രത്യേകം കരാര്‍ നല്‍കിയിരിക്കുകയാണ്. കരാറുകാർ സിലിണ്ടറുകള്‍ നവീകരിക്കാന്‍ കൊണ്ടുപോകാറുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്തുള്ള കൃത്യമായ നടപടികളുണ്ടാകാറില്ലെന്നാണ് ആക്ഷേപമുയര്‍ന്നത്.
പഴയ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ തുടര്‍ന്നും ഇടപെടുമെന്ന് പി. അബ്ദുൽ ഹമീദ് എം.എല്‍.എ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്തുന്നതും നടപടി സ്വീകരിക്കുന്നതും ഉറപ്പുവരുത്തും. വിഷയത്തെ അതി ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. ജില്ലതലത്തില്‍ നടപടി കാര്യക്ഷമമല്ലെങ്കില്‍ മന്ത്രി തലത്തില്‍ വിഷയം ഉന്നയിക്കുമെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. അതേസമയം, അഞ്ച് വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള സിലിണ്ടറുകള്‍ പാചകവാതകം നിറച്ച് ചേളാരി ഐ.ഒ.സി പ്ലാന്റില്‍നിന്ന് പുറത്തേക്ക് പോകാന്‍ സാധ്യത വളരെ കുറവാണെന്നാണ് പ്ലാന്റ് അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.