ദേശീയപാത വികസനപ്രവൃത്തി നടത്തുന്ന കമ്പനിക്കെതിരെ കോഹിനൂരില്‍ ജനകീയ കൂട്ടായ്മ
text_fieldsതേഞ്ഞിപ്പലം: ദേശീയപാത ആറുവരിപാത പ്രവൃത്തി നടത്തുന്ന സ്വകാര്യ കമ്പനിക്കെതിരെ കോഹിനൂരില്‍ ജനകീയ കൂട്ടായ്മ. നിര്‍മാണപ്രവൃത്തിക്കുള്ള അസംസ്കൃതവസ്തുക്കള്‍ എത്തിക്കുന്ന വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടാനും തൊഴിലാളികള്‍ക്ക് താമസിക്കാനുമായി കാലിക്കറ്റ് സര്‍വകലാശാല അനുവദിച്ച കോഹിനൂര്‍ മിനി ഗ്രൗണ്ടില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കെ.എന്‍.ആര് കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് കമ്പനി രാസവസ്തുക്കള്‍ കലര്‍ത്തി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുന്നതായും കുഴൽക്കിണറും ജലസംഭരണിയും സ്ഥാപിച്ചതായും ചൂണ്ടിക്കാട്ടിയാണ് കോഹിനൂര്‍ വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന് രംഗത്തുവന്നിരിക്കുന്നത്.
കരാര്‍ വ്യവസ്ഥ ലംഘിച്ച് രാത്രി രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മാണം പ്രദേശത്തെ ജലസ്രോതസ്സുകളെ മലിനീകരിക്കുമെന്നും കുഴല്‍ക്കിണറിലൂടെ വ്യാപകമായി ജലമൂറ്റുന്നത് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുമെന്നുമുള്ള ആശങ്കയുമായി റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് തിങ്കളാഴ്ച 250 ആളുകള്‍ ഒപ്പിട്ട ഹരജി ഇ-മെയിലൂടെ നല്കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെ നേരില്‍ കണ്ടും പരാതി കൈമാറി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിനും നേരത്തേ പരാതി നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്ക് നേരത്തേ പരാതി നല്കിയ ഇവര്‍ ചൊവ്വാഴ്ച തിരൂരങ്ങാടി തഹസില്‍ദാറെ നേരില്‍ കണ്ടും കാര്യങ്ങള്‍ ബോധിപ്പിക്കും. പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നതോടെ ചൊവ്വാഴ്ച ഉച്ചയോടെ പി. അബ്ദുൽ ഹമീദ് എം.എല്‍.എ കോഹിനൂര്‍ മിനി ഗ്രൗണ്ട് സന്ദര്‍ശിക്കും.
കോഹിനൂര്‍ ഗണപതി ക്ഷേത്രത്തിനും സര്‍വകലാശാല വര്‍ക്കിങ് വിമൻസ് ഹോസ്റ്റലിനും സമീപത്തായാണ് സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള മിനി ഗ്രൗണ്ട്. ഇവിടെ ദേശീയപാത നിര്‍മാണ കമ്പനി ഷീറ്റിട്ട് ചുറ്റും മറച്ചിരിക്കുകയാണ്. ഇതിനകത്താണ് വാഹന പാര്‍ക്കിങ്ങും തൊഴിലാളികളുടെ താമസവും. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വേഗത്തില്‍ ഉറക്കുന്നതിനാണ് ദ്രാവകരൂപത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതെന്നാണ് പരാതി. ഇത് മണ്ണിലൂടെ ഒലിച്ചിറങ്ങി സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് എത്തുമെന്നാണ് ആശങ്ക.
ദേവതിയാലില്‍ സമാനസംഭവം ഉണ്ടായതിനാലാണ് ജനകീയ കൂട്ടായ്മ ശക്തമായി രംഗത്തുവന്നിട്ടുള്ളത്. കെ.എന്‍.ആര് കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡും സര്‍വകലാശാലയും തമ്മിലുള്ള കരാര്‍ വ്യവസ്ഥയെക്കുറിച്ച് അറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതായും വിശദാംശങ്ങള്‍ ലഭിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി കെ. ഷാനവാസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് സര്‍വകലാശാല സ്വകാര്യ കമ്പനിക്ക് കരാര്‍ പ്രകാരം കോഹിനൂര്‍ മിനി ഗ്രൗണ്ട് ഉപയോഗത്തിന് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.