ഐ.ഒ.സി പ്ലാന്റിലെ സേവന, വേതന പ്രശ്നം തൊഴിൽ മന്ത്രിയുടെ പരിഗണനക്ക്
text_fieldsതേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പ്ലാന്റിലെ ട്രക്ക് തൊഴിലാളികളുടെ സേവന വേതന, വ്യവസ്ഥകള്‍ സംബന്ധിച്ച് കരാറുകാരും സി.ഐ.ടി.യുവും തമ്മിലുള്ള തര്‍ക്കം തൊഴില്‍ മന്ത്രിയുടെ പരിഗണനയിലേക്ക്. എറണാകുളം ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ നവംബര്‍ അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ പ്രശ്ന പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിനങ്ങളില്‍ തൊഴിലെടുക്കുന്നതിന് ഇരട്ടി വേതനം വേണമെന്നും പകരം മറ്റൊരു ദിവസം അവധി അനുവദിക്കണമെന്നും ഇന്‍സെന്റിവ് പുനഃസ്ഥാപിക്കണമെന്നുമാണ് കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നിലപാട്. എന്നാല്‍, കരാറുകാര്‍ ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല. 2021ലെ കരാറില്‍ ഇന്സെന്റിവിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും അവധി ദിനങ്ങളില്‍ തൊഴിലെടുക്കുന്നതിന് സാധാരണ വേതനത്തേക്കാള്‍ കുറച്ച് തുക അധികമായി നല്‍കാമെന്നുമാണ് കരാറുകാരുടെ നിലപാട്.
പ്ലാന്റിലെ നാൽപതോളം കരാറുകാരും സി.ഐ.ടി.യുവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്ലാന്റിനകത്ത് കരാറുകാരുടെ ആവശ്യപ്രകാരം അത്യാവശ്യ ഘട്ടങ്ങളില്‍ സഹായങ്ങള്‍ ചെയ്തിരുന്ന ട്രക്ക് തൊഴിലാളികള്‍ പിന്മാറി. പ്ലാന്റിനകത്ത് അവശ്യഘട്ടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സിലിണ്ടറുകള്‍ മാറ്റിവെയ്ക്കുന്നതും തിരിച്ചുവിടുന്നതുമായ സഹായങ്ങള്‍ ചെയ്തിരുന്നതാണ് നിര്‍ത്തിയത്.
ചേളാരി ഐ.ഒ.സി പ്ലാന്റില്‍ നിലവില്‍ താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ 150ലധികം ട്രക്ക് ഡ്രൈവര്‍മാരുണ്ട്. പ്രതിമാസം 19 ലോഡും അതിന് മുകളിലേക്കും എടുത്താല്‍ 1750 രൂപ ഇന്‍സെന്റിവായി ഡ്രൈവര്‍മാര്‍ക്ക് നേരത്തെ നല്‍കിയിരുന്നു. ഒരു ലോഡിന് 1190 രൂപയാണ് ഡ്രൈവര്‍മാര്‍ക്കുള്ള വേതനം. പ്ലാന്റിനകത്തെ സേവനത്തിന് ക്ലീനര്‍മാര്‍ക്ക് 300 രൂപ പ്രതിദിന വേതനവും ലഭിക്കും. 2017ലെ കരാറില്‍ ഇന്‍സെന്റിവ് രേഖപ്പെടുത്തിരുന്നുവെന്നും അതിനാല്‍ നിലവിലെ ആനൂകൂല്യം നല്‍കണമെന്നുമാണ് സി.ഐ.ടി.യു ആവശ്യം.
അവധി ദിനത്തിലെ തൊഴിലിന് ഇരട്ടി വേതന ആവശ്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് തൊഴിലാളികളെന്ന് കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂനിയന്‍ ഐ.ഒ.സി യൂനിറ്റ് സെക്രട്ടറി അജയന് കൊളത്തൂര്‍ വ്യക്തമാക്കി. ഡിസംബറില്‍ നിലവിലെ കരാര്‍ കാലാവധി തീരുമെന്നും ഇതിന് ശേഷം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും ഐ.ഒ.സി ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പ്രസിഡന്റ് സി.കെ. ഹരിദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.