സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയുടെ അധ്യാപക നിയമനം ലോകായുക്തയിലേക്ക്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യക്ക് വ്യാജരേഖ ചമച്ച് അസോസിയേറ്റ് പ്രഫസര്‍ നിയമനം നല്‍കിയെന്ന ആരോപണം ലോകായുക്തയിലേക്ക്. സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. മനോഹരന്റെ ഭാര്യക്ക് അസോസിയേറ്റ് പ്രഫസര്‍ നിയമനം നല്‍കിയത് സാധൂകരിക്കുന്ന രേഖകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട പി. അബ്ദുൽ ഹമീദ് എം.എല്‍.എക്ക് ഇതുസംബന്ധിച്ച രേഖകള്‍ സര്‍വകലാശാല നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
ബുധനാഴ്ച ചേരുന്ന സെനറ്റ് യോഗത്തില്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എ ഇക്കാര്യം വീണ്ടും ഉന്നയിക്കും. സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗത്തില്‍ വ്യാജരേഖ ചമച്ച് തസ്തിക സൃഷ്ടിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ തസ്തിക സൃഷ്ടിച്ച ഉത്തരവ് തേടി ജനപ്രതിനിധി എന്ന നിലയിലും സെനറ്റ് അംഗം എന്ന നിലയിലും സര്‍വകലാശാലയെ സമീപിച്ചെങ്കിലും രേഖ പുറത്തുവിടാന്‍ വൈസ് ചാന്‍സലര്‍ തയാറായില്ലെന്നാണ് എം.എല്‍.എയുടെ വാദം. നിയമസഭയുടെ പ്രതിനിധിയായി സര്‍വകലാശാല സെനറ്റ് അംഗമായ തന്റെ ചോദ്യം പരിഗണിക്കാന്‍ പോലും സര്‍വകലാശാല തയാറാകാത്ത സാഹചര്യത്തിലാണ് സെനറ്റില്‍ വിഷയം അവതരിപ്പിച്ച് വിഷയം ലോകായുക്തയിലേക്ക് നീക്കാന്‍ തീരുമാനമായത്. മുസ്ലിം ലീഗിന്റെ പിന്തുണയിലാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.