പിതാവിെൻറ കൺമുന്നിൽ നിന്ന് മകൻ ഒഴുക്കിൽ മറഞ്ഞു; ദുരന്തം വിട്ടൊഴിയാതെ പുത്തൂർ തോട്
text_fieldsതേഞ്ഞിപ്പലം: ഒടുവിൽ പുത്തൂർ തോട്ടിൽ ഒഴുക്കിൽപെട്ട മുഹമ്മദ് റിഷാലും യാത്രയായി. പിതാവിന്റെ കൺമുന്നിൽ നിന്നാണ് മകൻ ഒഴുക്കിൽ മറഞ്ഞത്. ഓർക്കാൻ പോലും കഴിയാതെ വിതുമ്പുകയാണ് ആ കുടുംബം. ശക്തമായ അടിയൊഴുക്കാണ് അപകട കാരണം. ഇനി ഒരു ദുരന്തം ഉണ്ടാവരുതേ എന്ന പ്രാർഥനയിലാണ് നാട്ടുകാർ.
പുത്തൂർ വലിയ തോട് എന്നും അപകടകേന്ദ്രമാണ്. രണ്ട് പതിറ്റാണ്ടിനിടെ ഇവിടെ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. നീന്തൽ അറിയുന്നവർ പോലും ഒഴുക്കിൽപെടുന്ന വിധം കുത്തൊഴുക്കാണ് ഇവിടെ. രണ്ട് പതിറ്റാണ്ടിനിടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പത്തോളം പേർ ഒഴുക്കിൽപെട്ടതായി നാട്ടുകാർ പറയുന്നു. കടലുണ്ടിപ്പുഴയിലേക്ക് ചെന്ന് ചേരുന്ന തോടാണിത്. അതിനാൽ തന്നെ ഒഴുക്കിൽപ്പെടുന്നവരെ കണ്ടെത്തൽ ഏറെ ശ്രമകരമാണ്. പലരുടെയും മൃതദേഹങ്ങൾ മൂന്നും നാലും ദിവസത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഏകദേശം ഒന്നര മണിക്കൂർ തുടർച്ചയായ തിരച്ചിലിലാണ് മലപ്പുറം നിലയത്തിലെ ഫയർ ഓഫിസറും മുങ്ങൽ വിദഗ്ധനുമായ കെ.എം. മുജീബ് മുഹമ്മദ് റിഷാലിന്റെ മൃതദേഹം കണ്ടെടുത്തത്. ആംബുലൻസിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മലപ്പുറം നിലയത്തിൽനിന്നും സീനിയർ ഫയർ ഓഫിസർ കെ. സിയാദ്, ഫയർ ഓഫിസർമാരായ വി.പി. നിഷാദ്, കെ.എം. മുജീബ്, കെ.ടി. സാലിഹ് എന്നിവരാണ് തിരച്ചിൽ നടത്തിയത്. മീൻചന്ത ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയിരുന്നു. വൈറ്റ് ഗാർഡ് വളന്റിയർമാർ ഉൾപ്പെടെ നിരവധി സന്നദ്ധ സംഘടനകളും തിരച്ചിലിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.