ഉമര്‍ ഫാറൂഖിന്റെ വാക്കുകള്‍ ഇവര്‍ക്ക് ഉയിരും ഉണര്‍വും
text_fieldsതേഞ്ഞിപ്പലം: ഉന്നത പഠനത്തിനായി ലക്ഷദ്വീപിന്റെ കടലാഴങ്ങളും ആകാശവും താണ്ടിയതുപോലെ നിങ്ങള്‍ ജോലിക്കായി സാധ്യതകളുടെ പുതിയ വാതിലുകള്‍ കടന്നുപോകണം.. തിരിച്ച് ലക്ഷദ്വീപിലേക്ക് തന്നെ മാത്രം മടങ്ങരുത്. ദ്വീപ് സമൂഹത്തിന്റെ സാന്നിധ്യം ലോകത്തിന്റെ പലയിടങ്ങളിലേക്ക് പടര്‍ത്തണം. ഭിന്നശേഷിക്കാര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആന്ധ്രോത്ത് ദ്വീപിലെ ഉമര്‍ ഫാറൂഖ് ഹെലന് കെല്ലര്‍ അവാര്‍ഡ് ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ലക്ഷദ്വീപ് വിദ്യാർഥികളെ നേരില്‍ക്കണ്ട് പറഞ്ഞ വാക്കുകളാണിത്.
ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ഉമ്മര്‍ ഫാറൂഖ് പുരസ്കാര നിറവില്‍ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് കാമ്പസിലെ 17 പേരടങ്ങുന്ന ദ്വീപ് വിദ്യാർഥി കൂട്ടായ്മയുടെ ക്ഷണം സ്വീകരിച്ചെത്തിയത്. കവരത്തി ഗവ. സീനിയര്‍ സെക്കൻഡറി സ്കൂള്‍ ലൈബ്രേറിയനാണ് ഇദ്ദേഹം.
കടമത്ത് ദ്വീപിലെ ഷാബിര്‍ ഷാം, കവരത്തിയിലെ ഷഫറുള്ള എന്നിവരുമായുള്ള പ്ലസ്ടു പഠനകാലത്തെ സൗഹൃദമാണ് ഉമര്‍ ഫാറൂഖിനെ കാലിക്കറ്റ് കാമ്പസിലെത്തിച്ചത്. കാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലക്ഷദ്വീപ് വിദ്യാർഥികള്‍ ഉപഹാരം സമ്മാനിച്ചു. ഒന്നര മണിക്കൂര്‍ അദ്ദേഹം കാമ്പസില്‍ ചെലവഴിച്ചു.
2010 മുതല്‍ ഉമര്‍ ഫാറൂഖ് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ലക്ഷദ്വീപില്‍ സജീവമാണ്. ഈ ജീവകാരുണ്യ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ഹെലന് കെല്ലര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്. ദ്വീപില്‍ ഭിന്നശേഷി അസോസിയേഷന് രൂപവത്കരിച്ചത് ഇദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.