ചേളാരി ഐ.ഒ.സി പ്ലാന്‍റില്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അവധിദിനത്തില്‍ ജോലിയെടുത്ത് ട്രക്ക് തൊഴിലാളികള്‍
text_fieldsതേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാന്‍റില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ആദ്യമായി അവധിദിനത്തില്‍ ജോലിയെടുത്ത് ട്രക്ക് തൊഴിലാളികള്‍. ശ്രീനാരായണഗുരു സമാധി ദിനമായ ബുധനാഴ്ച പ്ലാന്‍റിന് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രക്ക് തൊഴിലാളികള്‍ ഐ.ഒ.സി മാനേജ്‌മെന്‍റിന്‍റെയും ലോറി ഉടമകളുടെയും ആവശ്യപ്രകാരം പാചകവാതക സിലിണ്ടര്‍ വിതരണത്തിനായി ജോലിക്കെത്തുകയായിരുന്നു. ലോഡിന് 1490 രൂപയാണ് ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള പ്രതിഫലം. ഇതിന് പുറമെ 500 രൂപ അധികമായി നല്‍കാമെന്ന ഉറപ്പിലാണ് അവധിദിനത്തില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ തൊഴിലെടുത്തതെന്ന് ഐ.എന്‍.ടി.യു.സി ഭാരവാഹി ഹരിദാസന്‍ പറഞ്ഞു.
പ്രതിദിനം 18 മണിക്കൂറോളം തൊഴിലെടുക്കുന്ന ലോറി തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള അധിക വേതനമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് സി.ഐ.ടി.യു പ്രതിനിധി കെ.ടി. വിനോദ് പറഞ്ഞു.
ചേളാരി ഐ.ഒ.സി പ്ലാന്‍റില്‍നിന്നുള്ള സിലിണ്ടര്‍ വിതരണത്തിനായി നൂറ്റിമുപ്പതോളം ലോറികളാണുള്ളത്. ഇതില്‍ 63 ഡ്രൈവര്‍മാരും ഐ.എന്‍.ടി.യു.സി അംഗങ്ങളാണ്. ഇവര്‍ക്ക് പുറമെ സി.ഐ.ടി.യു, ബി.എം.എസ്, ബി.കെ.എസ് സംഘടനകളും ഐ.ഒ.സിയിലുണ്ട്.
ഐ.എന്‍.ടി.യു.സിക്കൊപ്പം ബി.എം.എസ്, ബി.കെ.എസ് സംഘടനകള്‍ 500 രൂപ അധിക വേതനത്തിന് തൊഴിലെടുക്കാന്‍ തയാറായപ്പോള്‍ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും അവധി ദിവസങ്ങളിലെ ജോലിക്ക് നിയമപ്രകാരമുള്ള അധിക വേതനം നല്‍കണമെന്നുമുള്ള നിലപാടാണ് സി.ഐ.ടി.യു സ്വീകരിച്ചത്. മറ്റുള്ളവർ ജോലിക്ക് കയറിയതിനാലാണ് തങ്ങളും സഹകരിച്ചതെന്നും സി.ഐ.ടി.യു നേതാക്കൾ വ്യക്തമാക്കി. ലോറി ഉടമകളുമായുള്ള കരാര്‍ ഡിസംബറില്‍ തീരുമെന്നും പുതിയ കരാറില്‍ അധിക വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇടപെടുമെന്നും കരാറില്‍ വ്യക്തത വരുത്തുമെന്നും മറ്റ് യൂനിയനുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് ഐ.എന്‍.ടി.യു.സി നേതാക്കളുടെ വാദം.
ഐ.ഒ.സി കരാറുകാരുടെ കീഴിലാണ് ട്രക്ക് ഡ്രൈവര്‍മാരുടെ തൊഴില്‍. അതിനാല്‍ കരാറുകാരുടെ സമ്മർദങ്ങള്‍ക്ക് മുന്നില്‍ ലോറിതൊഴിലാളികള്‍ക്ക് പലപ്പോഴും വഴങ്ങേണ്ടി വരും. അംഗീകൃത തൊഴിലാളികളല്ലാത്തതിനാല്‍ തൊഴില്‍ ചൂഷണത്തിനും ഇവര്‍ വിധേയരാകുന്നു. കരാര്‍ പ്രകാരം സിലിണ്ടര്‍ വിതരണം നടന്നില്ലെങ്കില്‍ ഐ.ഒ.സി കരാറുകാര്‍ക്ക് പിഴ ചുമത്തുന്ന സ്ഥിതിയുമുണ്ട്. പ്ലാന്‍റിനകത്ത് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും അധിക വേതനം ലഭിക്കുന്നുണ്ട്. അതിനാല്‍ അവര്‍ അവധി ദിവസങ്ങളിലും ജോലിക്കെത്താന്‍ തയാറാണ്. എന്നാല്‍, ലോറി തൊഴിലാളികള്‍ പണിമുടക്കിയാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സ്തംഭിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രക്ക് തൊഴിലാളികൾ ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളിലും ജോലി ചെയ്തിരുന്നു. അന്ന് അധിക വേതനം ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.