അശാസ്ത്രീയ ഓട നിര്‍മാണം: മലിനജലം കിണറുകളില്‍
text_fieldsപള്ളിക്കല്‍: അശാസ്ത്രീയ ഓട നിര്‍മാണം കാരണം കുടിവെള്ള സ്രോതസ്സുകളില്‍ മലിനജലം നിറഞ്ഞ് ദുരിതത്തിലായി കുടുംബങ്ങള്‍. പഞ്ചായത്തിലെ വളപ്പില്‍ ടൗണില്‍ നിന്നും പള്ളിക്കല്‍ ബസാറിലേക്കുള്ള ആലശ്ശേരി പുറായി റോഡിലേക്കുള്ള ഓട നിര്‍മാണത്തിനിടെ കാലവര്‍ഷമെത്തിയതോടെ പ്രദേശത്തെ കിണറുകളിലേക്ക് മലിനജലം നിറഞ്ഞൊഴുകി. മഴക്കാലമാകുന്നതോടെ വളപ്പില്‍ ടൗണില്‍ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ 20 ലക്ഷം ചെലവഴിച്ചാണ് ഓട നിര്‍മാണം നടത്തുന്നത്. മഴക്കാലമെത്തും മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതാണ് പ്രശ്നമായത്. വളപ്പിലെ ഓടയില്‍ നിന്നും പള്ളിക്കല്‍ ബസാര്‍ ടൗണിലൂടെ കടന്നുപോകുന്ന ഓടയിലേക്ക് വെള്ളം ഒഴുക്കിവിടാനായുള്ള പ്രവൃത്തിയില്‍ 200 മീറ്ററോളം ദൂരത്തിന് പകരം നൂറ് മീറ്ററില്‍ താഴെ ഓട നിര്‍മിച്ചതാണ് ബുദ്ധിമുട്ടിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ആറ് അടി മുതല്‍ എട്ട് അടി വരെ ആഴത്തിലും രണ്ട് അടി വീതിയിലും നിര്‍മിച്ച് പാതിവഴിയില്‍ അവസാനിപ്പിച്ച ഓടയിലേക്ക് ഒഴുകിയെത്തിയ മഴവെള്ളം റോഡരികിലെ വീട്ടുമുറ്റത്തേക്കും കിണറുകളിലേക്കും ശക്തമായി ഒഴുകിയെത്തുകയായിരുന്നു.
വീതി കുറഞ്ഞ റോഡില്‍ കാല്‍നടയാത്രക്ക് പോലും പ്രയാസമുള്ള രീതിയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ മറ്റിടങ്ങളില്‍ പോയി കുടിവെള്ളം എത്തിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വളപ്പില്‍ ടൗണിലെ ഓട നിര്‍മാണം അശാസ്ത്രീയമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഓടയുടെ അരികുഭിത്തി റോഡിനേക്കാളും ഉയരത്തിലായതിനാല്‍ ആദ്യമഴയില്‍ തന്നെ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്ലാബ് നീക്കിയും ഭിത്തിയുടെ ഭാഗങ്ങള്‍ പൊട്ടിച്ചുമാണ് വെള്ളം ഓടയിലേക്ക് തുറന്നുവിട്ടത്.
പ്രദേശത്തെ സ്കൂളിലേക്ക് നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന റോഡില്‍ സ്കൂള്‍ തുറക്കും മുമ്പേ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.