സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ യു.പിയാക്കി ഉയർത്തൽ; ‘നവകേരള’ത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ
text_fieldsതിരുനാവായ: സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ യു.പിയാക്കി ഉയർത്താൻ നവകേരള പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കയാണ് നാട്ടുകാർ. അമ്പത് വർഷം മുമ്പ് നാട്ടുകാർ പിരിവെടുത്ത് പണം കണ്ടെത്തി സ്ഥലം വാങ്ങി കെട്ടിടം പണിത് സർക്കാറിന് സമർപ്പിച്ച് അംഗീകാരം നേടിയ വിദ്യാലയം 1000ലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഏക ആശ്രയമാണ്. മൂന്നു ഭാഗം ജലാശയങ്ങളാലും ഒരു ഭാഗം റെയിൽവേ ഡബിൾ ലൈനുകളാലും ചുറ്റപ്പെട്ട ഈ പ്രദേശത്തെ കുട്ടികൾ യു.പി സ്കൂൾ പഠനത്തിന് അഞ്ച് കിലോമീറ്ററിലധികം സഞ്ചരിക്കണം. പലപ്പോഴായി ഇവിടെ വെള്ളക്കെട്ടിൽവീണ് വിദ്യാർഥികൾ മരിച്ചിട്ടുണ്ട്.
നാൽപത് വർഷത്തിലേറെയായി സൗത്ത് പല്ലാർ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യാൻ ഇടപെടലുകൾ നടക്കുന്നു. ഇതിന്റെ ഭാഗമായുള്ള എല്ലാ അന്വേഷണ റിപ്പോർട്ടുകളും സ്കൂൾ അപ്ഗ്രേഡ് ചെയ്യാവുന്നതാണെന്ന രീതിയിലാണ് പോകാറുള്ളത്. 1988ൽ വാർഡ് അംഗം കരിമ്പനക്കൽ മൂസക്കുട്ടി സ്കൂൾ യു.പിയായി അപ്ഗ്രേഡ് ചെയ്യാൻ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിക്കുകയും ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. ഇതിലേക്ക് എല്ലാ ഭൗതികസൗകര്യങ്ങളും പഞ്ചായത്ത് ചെയ്തുതരാമെന്നും സർക്കാറിനെ പ്രമേയത്തിലൂടെ അറിയിച്ചു. പരിഹാരം കാണാതെ വന്നപ്പോൾ 2012 ലും ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ വീണ്ടും സർക്കാർ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് അന്നത്തെ എം.എൽ.എ സി. മമ്മുട്ടിയുടെ ഇടപെടലിനെത്തുടർന്ന് എ.ഇ.ഒ സ്കൂളിൽവന്ന് റിപ്പോർട്ട് തയാറാക്കി യു.പിയായി അപ്ഗ്രേഡ് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കുകയും ചെയ്തു. സ്കൂൾ ഭാരവാഹികൾ സംസ്ഥാന മനുഷ്യാവകാശ കമീഷനിലും പരാതി നൽകി. കമീഷൻ അന്വേഷണം നടത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ശിപാർശ ചെയ്തു. ബാലാവകാശ കമീഷനും ഇടപെട്ടു.
എന്നാൽ നാൽപത് വർഷമായിട്ടും കോടതിയിൽ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന കാരണമുൾപ്പെടെ പറഞ്ഞ് പരിഹാരം നിഷേധിക്കുകയാണ്. രണ്ട് കിലോമീറ്ററിനുള്ളിൽ യു.പി സ്കൂൾ സൗകര്യം വിദ്യാർഥികളുടെ അവകാശമാണെന്നിരിക്കെ ബസ് സൗകര്യമില്ലാത്തതിനാൽ അഞ്ച് കിലോമീറ്റർ നടന്നാണ് ഇവിടെ കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്.
സർക്കാറിന്റെ ‘നവകേരളം’ പദ്ധതിയിലുൾപ്പെടുത്തി സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂളിനെ യു.പിയാക്കി ഉയർത്താൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ പ്രസിഡന്റ് സൽമാൻ കരിമ്പനക്കൽ അപേക്ഷ നൽകാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.