സക്കീനയുടെ അച്ചാർ വിൽപനക്ക്; അതിജീവനത്തിന്റെ കരുത്ത്
text_fieldsഊർങ്ങാട്ടിരി: കോവിഡ് മഹാമാരിയിൽ പ്രവാസിയായ ഭർത്താവ് മരിച്ചതോടെ അതിജീവനത്തിനായി അച്ചാർ കച്ചവടവുമായി ഊർങ്ങാട്ടിരി തോട്ടുമുക്കം മാടത്തിങ്ങൽ വീട്ടിൽ സക്കീന സത്താറും രണ്ട് പെൺമക്കളും. ഭർത്താവ് കണ്ണൂർ സ്വദേശി സത്താർ മരിച്ചതോടെ വീട്ടിലെ ഏക വരുമാനമാർഗമാണ് നിലച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവ് ഉൾപ്പെടെ കാര്യങ്ങൾക്കും ബുദ്ധിമുട്ടനുഭവിച്ചതോടെയാണ് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അച്ചാർ വിൽപന തുടങ്ങിയത്. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി, കാരക്ക, ബീറ്റ്റൂട്ട്, പപ്പായ അച്ചാറുകളാണ് വിൽക്കുന്നത്. വലിയ വരുമാനം ഇതിൽനിന്ന് കിട്ടിയില്ലെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിതം മുന്നോട്ടു പോകാൻ കഴിഞ്ഞാൽ മതിയെന്നാണ് സക്കീനയുടെ പ്രാർഥന. നിരവധി പേരാണ് അച്ചാർ വാങ്ങി സഹായിക്കുന്നത്. രുചിച്ചവർക്കെല്ലാം മികച്ച അഭിപ്രായമാണ്.
സത്താറിന്റെ മരണം രേഖകളിൽ ഇപ്പോഴും കോവിഡ് മരണമാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇതുമൂലം സർക്കാറിൽനിന്ന് കുടുംബത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങളും ലഭിച്ചില്ല. അധികൃതരുടെ ഭാഗത്തുനിന്ന് ഈ രേഖകൾ ശരിയാക്കി നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.