കർഷകന് ലഭിക്കേണ്ട ഇൻഷുറൻസ് തുക അക്കൗണ്ട് മാറി നൽകിയെന്ന്
text_fieldsഊർങ്ങാട്ടിരി: കൃഷിനാശമുണ്ടായ കർഷകന് ലഭിക്കേണ്ട ഇൻഷുറൻസ് തുക അക്കൗണ്ട് മാറി നൽകിയതായി പരാതി. ഈസ്റ്റ് വടക്കുമുറിയിൽ താമസിക്കുന്ന വലിയോടത്ത് അബ്ദുറഹ്മാനാണ് ഊർങ്ങാട്ടിരി കൃഷി ഓഫിസ് അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2020ലെ പ്രളയത്തിൽ ഈസ്റ്റ് വടക്കുംമുറിയിലെ വയലിൽ കൃഷി ചെയ്ത ഇദ്ദേഹത്തിന്റെ 1000 നേന്ത്രവാഴകൾ നശിച്ചിരുന്നു. തുടർന്ന് നഷ്ട പരിഹാരത്തിനായി ഇൻഷുറൻസ് രേഖകൾ ഉൾപ്പെടെ കൃഷി ഓഫിസിൽ ഹാജരാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിക്കുകയും 2,83,000 രൂപ അനുവദിച്ചതായി കൃഷി ഓഫിസിൽനിന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, ഈ തുക 17 മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. നിരവധി തവണ കൃഷിഭവനിൽ കയറിയിറങ്ങിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് കൃഷി ഓഫിസിൽ അന്വേഷിച്ചപ്പോൾ അക്കൗണ്ട് മാറി പണം പോയതാണെന്ന് കൃഷി ഓഫിസർ റൈഹാനത്ത് അറിയിച്ചു.
ഇതിന്റെ രേഖകൾ ആവശ്യപ്പെട്ട് അബ്ദുറഹ്മാൻ കൃഷി ഓഫിസിൽ വിവരാവകാശ പ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇൻഷുറൻസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിനിടെ ഉദ്യോഗസ്ഥർക്ക് വന്ന പിഴവാണ് അക്കൗണ്ട് മാറി പണം പോകാൻ കാരണമെന്ന് ഊർങ്ങാട്ടിരി കൃഷി ഓഫിസർ റൈഹാനത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പണം ലഭിച്ചയാളെ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. പണം ലഭിച്ചില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടുപോകും. ഒരു തിരിമറിയും ഇതിൽ നടന്നിട്ടില്ല. മറ്റു കർഷകർക്കെല്ലാം ഇൻഷുറൻസ് തുക ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.