പി.വി. അന്‍വറിന്റെ ഭാര്യപിതാവിന്റെ റോപ്വേ പൊളിച്ചുനീക്കി
text_fieldsഊർങ്ങാട്ടിരി: ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യപിതാവിന്റെ റോപ്വേ ഉൾപ്പെടെയുള്ള അനധികൃത നിർമാണം പൊളിച്ചുനീക്കി. എം.എല്‍.എയുടെ ഭാര്യപിതാവ് സി.കെ. അബ്ദുല്ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ്വേ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ നടപടി. ഈ കഴിഞ്ഞ ഫെബ്രുവരി 11നാണ് പൊളിക്കൽ നടപടി ആരംഭിച്ചത്. തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് നിർമിച്ച റോപ്വേയുടെ മൂന്ന് ടവറുകളും പൊളിച്ചുകഴിഞ്ഞു. ടവറുകള്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് അടിത്തറ ഞായറാഴ്ച പൊളിക്കും. പൊളിക്കല്‍ നടപടി വിലയിരുത്താന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി. ജിഷയും പഞ്ചായത്ത് അധികൃതരും സന്ദർശനം നടത്തി.
റോപ്വേ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സി.കെ. അബ്ദുല്ലത്തീഫ് അപ്പീല്‍ നൽകിയിരുന്നെങ്കിലും ഹരജിയില്‍ ഹൈകോടതി ഡിവിഷന് ബെഞ്ച് സ്റ്റേ നല്‍കിയിരുന്നില്ല. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്, പരാതിക്കാരന് എം.പി. വിനോദ് എന്നിവര്‍ക്ക് നോട്ടീസ് കൈമാറാന്‍ ഉത്തരവിട്ട കോടതി കേസ് 22ന് പരിഗണിക്കും. അതിനു മുമ്പുതന്നെ റോപ്വേയുടെ കോണ്‍ക്രീറ്റ് അടിത്തറയും പൊളിച്ചുനീക്കും. പൊളിക്കൽ പൂർത്തിയാക്കി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓമന അമ്മാൾ ഓംബുഡ്സ്മാന് മുന്നിൽ ഹാജറായി നടപടികൾ പൂർത്തിയാക്കും. ശേഷം പൊളിച്ചുനീക്കാൻ ആവശ്യമായ തുക ഉടമയിൽനിന്ന് കണ്ടെത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.