ഊർങ്ങാട്ടിരിയിൽ കാട്ടാന വിളയാട്ടം; നാലേക്കറിലെ വാഴകൃഷി നശിപ്പിച്ചു
text_fieldsഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ കോനൂർകണ്ടിയിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ നാലേക്കറിലെ വാഴകൃഷി നശിച്ചു. നെല്ലിക്കാപറമ്പ് സ്വദേശി ശിഹാബുദ്ദീെൻറ കൃഷിയാണ് നശിച്ചത്. 13 മാസം മുമ്പാണ് ബാങ്കിൽനിന്ന് മറ്റും കടമെടുത്ത് 6000 വാഴക്കന്നുകൾ നട്ടത്. ഇതിൽ 4880 കുലച്ച നേന്ത്രവാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
രാപകൽ ഭേദമന്യേയാണ് കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകൾ എത്തുന്നത്. ഇവയെ ഭയന്ന് പ്രദേശത്ത് പണിക്കുപോലും ആളെ കിട്ടാത്ത അവസ്ഥയാണ്. കർഷകർ കൃഷിപ്പണി ഒഴിവാക്കി മറ്റു ജോലികൾക്ക് പോകുന്ന സാഹചര്യവുമുണ്ട്. സർക്കാർ ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
കോനൂർകണ്ടി ഉൾപ്പെടെയുള്ള പ്രദേശത്ത് ക്രാഷ്ഗാർഡ് റോപ്പ് ഫെൻസിങ് നിർമിക്കണമെന്നാവശ്യപ്പെട്ട് കർഷകരും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. ഇത് സ്ഥാപിക്കാൻ നിലമ്പൂർ ഡി.എഫ്.ഒ കഴിഞ്ഞദിവസം സംസ്ഥാന സർക്കാറിന് ശിപാർശയും നൽകി. എന്നാൽ, ഇത് യാഥാർഥ്യമാകാൻ കാലതാമസമെടുക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്. ഇനിയും കൃഷിനാശം സഹിച്ച് കർഷകർക്ക് മുന്നോട്ടുപോവാനാവില്ലെന്നും അധികൃതർ ഉടൻ നടപടിെയടുക്കണമെന്നും പഞ്ചായത്ത് ഒന്നാം വാർഡ് മെംപർ ടെസ്സി സണ്ണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.