ജില്ലയിൽ ഉപയോഗ ശൂന്യമായ ക്വാറികൾ 48 എണ്ണം
text_fieldsമലപ്പുറം: ജില്ലയിൽ 15 തദ്ദേശ സ്ഥാപനങ്ങളിലായി ഉപയോഗ ശൂന്യമായും അപകട സാധ്യതയുള്ളതുമായി കിടക്കുന്നത് 48 ക്വാറികൾ. സ്വകാര്യ വ്യക്തികളുടെത് അടക്കമുള്ള കണക്ക് പ്രകാരമാണിത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ശേഖരിച്ച റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക്.
ജില്ലയിൽ അടിക്കടി കുട്ടികളുടെ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഉപയോഗ ശൂന്യമായ ക്വാറികളുടെ കണക്കെടുത്തത്. ജില്ലയിൽ 2021 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 375 മുങ്ങി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും കുട്ടികളായിരുന്നു. ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ ക്വാറികൾ ഉപയോഗ ശൂന്യമായി കിടക്കുന്നത്. 11 ഗ്രാമപഞ്ചായത്തുകളിലായി 36 ക്വാറികളാണ് ഇത്തരത്തിലുള്ളത്.
നാല് നഗരസഭകളിലായി 12 ക്വാറികളുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പുഴക്കാട്ടിരിയിലും നഗരസഭകളിൽ മലപ്പുറത്തുമാണ് കൂടുതൽ ഉപയോഗ ശൂന്യമായി കിടക്കുന്ന്. പുഴക്കാട്ടിരിയിൽ ഒന്നാം വാർഡ് രാമപുരം നോർത്ത്, മൂന്നാം വാർഡ് പനങ്ങാങ്ങര 38, അഞ്ചാം വാർഡ് രാമപുരം ഉടുമ്പനാശ്ശേരി, എട്ടാം വാർഡ് മണ്ണുംകുളം, ഒമ്പതാം വാർഡ് കോട്ടുവാട് പടിഞ്ഞാറ് പള്ളിയാൽ എന്നിവിടങ്ങളിലായി 14 ക്വാറികളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കൊറളാടി, കോട്ടുവാട് വലിച്ചെറക്കിക്കുന്ന്, ചെമ്മീൻപറമ്പ് ചെങ്കൽ ക്വാറി, പുളിവെട്ടി എന്നിവിടങ്ങളിലാണ് ക്വാറികളുള്ളതെന്നും റിപ്പോർട്ടിലുണ്ട്.
മലപ്പുറം നഗരസഭയിൽ ഒന്നാം വാർഡ് പടിഞ്ഞാറെമുക്ക്, 39-ാം വാർഡ് പൊടിയാട് എന്നിവിടങ്ങളിലായിട്ടാണ് ആറ് ക്വാറികൾ ശൂന്യമായി കിടക്കുന്നത്. ഗ്രാമപഞ്ചാത്തുകളിൽ പൂക്കോട്ടൂരാണ് പട്ടികയിൽ രണ്ടാമതുള്ളത്. പൂക്കോട്ടൂർ വാർഡ് 16 വെള്ളൂരിലെ മൈലാടിയിൽ അഞ്ച് ക്വാറികളുണ്ട്. ഊരകം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് ഊരകം മലയിൽ മൂന്ന് ക്വാറികളുമുണ്ട്. കാളികാവ്, കണ്ണമംഗലം, കീഴുപറമ്പ്, മക്കരപറമ്പ്, പുലാമന്തോൾ, തുവ്വൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ രണ്ട് വീതമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കാവനൂർ, ഊർങ്ങാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഓരോന്ന് വീതവുമുണ്ട്. നഗരസഭകളിൽ കൊണ്ടോട്ടിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. വാർഡ് ആറ് നീറാട്, വാർഡ് ഏഴ് ചെപ്പിള്ളിക്കുന്ന്, വാർഡ് 24 എൻ.എച്ച് ഉന്നതി (കോളനി), വാർഡ് 26 കിഴക്കേ ചുങ്കം എന്നിവിടങ്ങളിലായി നാലെണ്ണമുണ്ട്. മഞ്ചേരി നഗരസഭയിലെ വാർഡ് 31 വായ്പാറപ്പടി, പെരിന്തൽമണ്ണ നഗരസഭയിലെ വാർഡ് 22 കളത്തിലക്കര എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.