തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി വിഹിത വിനിയോഗം; മലപ്പുറം ജില്ല നാലാമത്
text_fieldsമലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ജില്ല നാലാം സ്ഥാനത്ത്. ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അടക്കം നിലനിൽക്കുമ്പോഴും നാലാം സ്ഥാനത്ത് എത്തിക്കാനായത് മികച്ച നേട്ടമാണ്. ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളാണ് മലപ്പുറത്തിന് മുന്നിലുള്ളത്.
24.42 ശതമാനം വിഹിതമാണ് ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലായി ചെലവഴിച്ചത്. ഒന്നാമതുള്ള ആലപ്പുഴ 25.62, രണ്ടാമതുള്ള തൃശൂർ 25.19, മൂന്നാമതുള്ള കൊല്ലം 24.64 ശതമാനവും ചെലവഴിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളാണ് പട്ടികയിൽ ഏറ്റവും പിറകിൽ. 14ാമതുള്ള ഇടുക്കിയിൽ 16.57വും 13ാമതുള്ള എറണാകുളത്ത് 20.69 ശതമാനവും വിഹിതം ചെലവഴിച്ചു.
ജില്ലയിൽ മഞ്ചേരി നഗരസഭയാണ് പദ്ധതി വിഹിതം ചെലവാക്കിയത്. 35.33 ശതമാനവുമായി പട്ടികയിൽ ഒന്നാമതുണ്ട്. 35.18 ശതമാനവുമായി മലപ്പുറം ജില്ല പഞ്ചായത്ത് രണ്ടാമതും 33.58 ശതമാനവുമായി വെട്ടം ഗ്രാമപഞ്ചായത്ത് മൂന്നാമതുമാണ്. വള്ളിക്കുന്ന്, ഇരിമ്പിളിയം, പെരുമണ്ണ ക്ലാരി, ചെറിയമുണ്ടം, എടക്കര, കീഴാറ്റൂർ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളാണ് പട്ടികയിൽ ആദ്യ പത്തിലുള്ളത്.
ഗ്രാമപഞ്ചായത്തുകളിൽ ഊരകം(9.85), വഴിക്കടവ് (14.07), പെരുമ്പടപ്പ് (15.76), ചാലിയാർ (15.81), പുൽപ്പറ്റ (16.98) ഗ്രാമപഞ്ചായത്തുകളാണ് പട്ടികയിൽ അവസാന അഞ്ച് സ്ഥാനങ്ങളിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ കാളികാവ് (14.39), മങ്കട (18.85), അരീക്കോട് (21.01), നിലമ്പൂർ (22.26), താനൂർ (23.14) അവസാന അഞ്ച് സ്ഥാനങ്ങളിലുള്ളത്. നഗരസഭകളിൽ താനൂർ (12.79), പരപ്പനങ്ങാടി(13.03), തിരൂരങ്ങാടി (15.96), കൊണ്ടോട്ടി (19.6), മലപ്പുറം (20.93) അവസാന അഞ്ച് സ്ഥാനങ്ങളിലുള്ളത്. പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ ജില്ലയിൽ വിഹിതം ചെലവഴിക്കുന്നതിൽ ഇനിയും മുന്നേറ്റമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.