ആറ് വയസുകാരനെ മരണത്തിൽനിന്ന് രക്ഷിച്ച് വടക്കാങ്ങരയുടെ അഭിമാനമായി സഹോദരങ്ങൾ
text_fieldsവടക്കാങ്ങര: ആറ് വയസുകാരനെ മരണത്തിൽ നിന്ന് രക്ഷിച്ച സഹോദരങ്ങൾ നാടിൻെറ അഭിമാനമായി. ക്വാറിയിൽ മുങ്ങി താഴ്ന്ന ആറ് വയസുകാരനാണ് സഹോദരങ്ങളായ പന്ത്രണ്ടുകാരി ഫാത്തിമ സിയയും എട്ട് വയസ്സ്കാരൻ മിദ് ലാജും രക്ഷകരായത്.
വെള്ളത്തിലേക്ക് ഊളിയിട്ട് പോയി മിഥിലാജാണ് കുട്ടിയെ മുകളിലേക്കു തള്ളി കൊണ്ടുവന്നത്. ഫാത്തിമ സിയ കുട്ടിയുടെ മുടിയിൽ ഒരുകൈകൊണ്ട് പിടിക്കുകയും മറ്റൊരു കൈകൊണ്ട് നീന്തി കരയിലെത്തിക്കുകയുമായിരുന്നു. ജീവൻ രക്ഷിക്കാനുള്ള സാഹസത്തിനു മുതിരുന്നതിനിടയിൽ ഫാത്തിമ സിയയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു.
വെള്ളത്തിൽനിന്ന് കയറ്റിയ കുട്ടിക്ക് ജീവൻെറ തുടിപ്പുണ്ടായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മനസിലാക്കിയ പ്രഥമ ശുശ്രൂഷയുടെ മാതൃകയാണ് കുട്ടികൾ പരീക്ഷിച്ചത്.
മക്കരപറമ്പിലെ വർണം ആർട്സ് ഉടമ വടക്കാങ്ങര പാലക്കോളി ഷറഫുദ്ധീൻെറ മകളാണ് ഫാത്തിമ സിയ. ഷറഫുദ്ധീൻെറ സഹോദരൻ അബ്ദുൽ നാസറിൻെറ മകനാണ് മിദ് ലാജ്.
ഇരുവരും നോർത്ത് വടക്കാങ്ങര ഇഹ് യാഉദ്ദീൻ മദ്റസ വിദ്യാർത്ഥികളാണ്. നാടിനെ വലിയ ദുരന്തവാർത്തയിൽനിന്ന് രക്ഷിച്ച താരങ്ങളെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.