അധികൃതരോട് പറഞ്ഞിട്ട് കുലുക്കമില്ല; വടമുക്ക്-തുറുവാണം റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ
text_fieldsമാറഞ്ചേരി: മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തുറുവാണം അംബേദ്കർ ഗ്രാമത്തിലേക്കുള്ള ഏക യാത്രമാർഗമായ വടമുക്ക്-തുറുവാണം റോഡ് കം ബണ്ട് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ.
റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമാണം നടത്താൻ അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് നാട്ടുകാർ പണം പിരിച്ച് റോഡ് നിർമാണമാരംഭിച്ചത്. 2017-18ൽ എം.എൽ.എ ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ ബണ്ട് പുനർനിർമാണത്തിന് വകയിരുത്തി നിർമാണം തുടങ്ങിയെങ്കിലും പ്രവൃത്തിക്കിടെ ബണ്ട് ചേറിലേക്ക് താഴ്ന്നു. ശാസ്ത്രീയപഠനം നടത്താതെ തുടങ്ങിയ പ്രവൃത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിച്ചു. ചെളി ഉള്ളതിനാൽ നിർമാണം സാധ്യമല്ലെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് തകർന്ന ഭാഗം പുനർനിർമിക്കാൻ അധികൃതർ തയാറായില്ല. ഇതിനിടെ ബ്രിഡ്ജ് നിർമാണത്തിനായി രണ്ടു തവണയായി 40 കോടി അനുവദിച്ച് ഉത്തരവായിരുന്നു. ഗതാഗതം ദുസ്സഹമായതോടെ പ്രദേശവാസികൾ പണം സമാഹരിച്ച് തകർന്ന 150 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്ത് തുടങ്ങി. അഞ്ച് ലക്ഷം രൂപ നാട്ടുകാരിൽനിന്നും സമാഹരിച്ചാണ് കോൺക്രീറ്റിങ് നടത്തുന്നത്. മഴക്കാലമായാൽ വഞ്ചിയിലൂടെ മാത്രമേ വിദ്യാർഥികൾക്കും ജനങ്ങൾക്കും ഇതുവഴി യാത്ര ചെയ്യാൻ കഴിയൂ.
ജനരോഷം വർധിക്കുമ്പോൾ ഉദ്യോഗസ്ഥർ വന്ന് നിർമാണം ഉടൻ ആരംഭിക്കുമെന്ന വാഗ്ദാനം നൽകി മടങ്ങുകയാണെന്നാണ് ആരോപണം. ഇടക്ക് വാർഡ് മെംബറുടെ നേതൃത്വത്തിൽ ക്വാറിമാലിന്യം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതാണ് ഏക ആശ്വാസം. 175 കുടുംബങ്ങൾ ഉള്ള ഗ്രാമത്തെ ഒറ്റപ്പെടുത്തി പുറംതിരിഞ്ഞുനിൽക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയും എം.എൽ.എയുമെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.