കന്ന് ഊർച്ചയിൽ ഹരമായി 85കാരൻ കുട്ടുവാക്ക
text_fieldsവളാഞ്ചേരി: മണ്ണിൽ പൊന്നുവിളയിക്കാൻ വയലിൽ നിറസാന്നിധ്യമായി 85കാരനായ കുട്ടുവാക്ക. വയലുകൾ പൂട്ടാൻ ട്രാക്ടർ വന്നെങ്കിലും പരമ്പരാഗത കർഷക തൊഴിലാളിയായ കാർത്തല പന്തൽപറമ്പിൽ കുട്ടുവിന് കന്നുകാലികളെ ഉപയോഗിച്ച് പാടം പൂട്ടുന്നത് ഇന്നും ഹരമാണ്.
15ാം വയസ്സിൽ മണ്ണ് പൊന്നാക്കാൻ ഇറങ്ങിയ കുട്ടു കന്ന് ഊർച്ചയിൽ ഇന്നും കരുത്ത് തെളിയിക്കും. ഏറെക്കാലം കർഷക തൊഴിൽ ചെയ്യുന്ന അദ്ദേഹം പാട്ടത്തിനെടുത്ത് സ്വന്തമായും കൃഷി ചെയ്തിരുന്നു.
മികച്ച കർഷക തൊഴിലാളിയായ കുട്ടുവാക്കയെ വളാഞ്ചേരി കൃഷിഭവൻ ആദരിച്ചിട്ടുണ്ട്. കുറ്റിപ്പുറം ബ്ലോക്കിലെ ഏറ്റവും വലിയ പാടശേഖരമായ കാട്ടിപ്പരുത്തി പാടശേഖരത്തിലെ സജീവമായി നിൽക്കുന്ന ഏറ്റവും പ്രായം കൂടിയ കർഷക തൊഴിലാളി കൂടിയാണിദ്ദേഹം.
150 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഇന്നും നെൽകൃഷി നിലനിർത്തുന്നത് കുട്ടുവാക്കയെ പോലുള്ള തൊഴിലാളികളാണെന്ന് പാടശേഖര സമിതി ഭാരവാഹികളായ സി.എച്ച്. അബ്ദുൽ ജബ്ബാർ ഗുരുക്കളും ടി.എം. രാജഗോപാലനും പറയുന്നു.
കാട്ടിപ്പരുത്തി പാടശേഖരത്തിലെ പല ഭാഗങ്ങളും മണ്ണിട്ട് നികത്തി കൈയേറാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കർഷകരോടൊപ്പം കൈകോർത്ത് ഇവിടത്തെ കർഷക തൊഴിലാളികളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.