ക്ഷേത്രത്തിൽ കയറി മധ്യവയസ്കയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ
text_fieldsവളാഞ്ചേരി: ക്ഷേത്രത്തിൽ കയറി മധ്യവയസ്കയെ ആക്രമിച്ച് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതിയെ വളാഞ്ചേരി പൊലീസ് പശ്ചിമബംഗാളിൽനിന്ന് പിടികൂടി. സംഭവശേഷം സ്വദേശത്തേക്ക് രക്ഷപ്പെട്ട പശ്ചിമ ബംഗാൾ നബദ്വീപ് സ്വദേശി ഹബീബുല്ലയെയാണ് (40) പിടികൂടിയത്. നവംബർ 23ന് കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബക്ഷേത്രത്തിൽ ദർശനത്തിനും അടിച്ചുതളി ഉൾപ്പെടെയുള്ള ജോലികൾക്കുമെത്തിയ ഇരിക്കാരിക്കര മഠത്തിൽ വിജയലക്ഷ്മിയെയാണ് (61) പ്രതി ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നത്. പ്രതി ഇടയ്ക്കിടെ പായസം വാങ്ങാൻ ക്ഷേത്രത്തിൽ വരാറുണ്ട്.
സംഭവദിവസം രാവിലെ 10.30ഓടെ വിജയലക്ഷ്മി പാത്രങ്ങൾ കഴുകുന്നതിനിടെ പ്രതി പിറകിലൂടെ ചെന്ന് കഴുത്തിൽ ഷാൾ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇവർ അബോധാവസ്ഥയിലായതോടെ വളകൾ, മാല, മോതിരം ഉൾപ്പെടെയുള്ളവയും ബാഗിൽ സൂക്ഷിച്ചിരുന്ന രൂപയുമെടുത്ത് മുങ്ങുകയായിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി ബിജു സ്ഥലം സന്ദർശിച്ച് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. സംശയം തോന്നിയവരുടെ പട്ടിക തയാറാക്കി അതിൽനിന്നാണ് പ്രതിയിലേക്ക് എത്തിയത്. സ്വർണാഭരണങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. പശ്ചിമബംഗാളിൽ പ്രതിക്കെതിരെ മറ്റൊരു കേസുള്ളതായി പൊലീസ് പറഞ്ഞു. എട്ടുവർഷമായി കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിൽ താമസിച്ചുവരുകയായിരുന്നു. വളാഞ്ചേരി കരിങ്കല്ലത്താണിയിൽ താമസിക്കവെയാണ് കുറ്റകൃത്യം നടത്തിയത്.
അന്വേഷണസംഘത്തിൽ എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, സി.പി.ഒ ജയപ്രകാശ്, വളാഞ്ചേരി എസ്.എച്ച്.ഒ എൻ.ആർ. സുജിത്ത്, എസ്.ഐ അസീസ്, സി.പി.ഒ മനോജ്, രാജേഷ്, സുമേഷ്, ദീപു, മോഹനൻ, രജിത എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.