ഭക്ഷ്യവസ്തുക്കളുടെ അനധികൃത വിൽപനക്കെതിരെ നടപടി
text_fieldsവളാഞ്ചേരി: ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും അനധികൃതമായി വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
ജില്ലയുടെ പല ഭാഗങ്ങളിലും പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽപ നടത്തുന്ന സ്ഥാപനങ്ങൾ പൂട്ടാൻ നോട്ടീസ് നൽകി. വൃത്തിഹീന സാഹചര്യത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്ത് സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.
റമദാൻ ആരംഭിച്ചതോടെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ വിവിധ ഉപ്പിലിട്ട ഉൽപന്നങ്ങളും ശീതള പാനീയങ്ങളും വിൽക്കുന്ന രാത്രികാല തെരുവ് കച്ചവടം സജീവമാണ്.
ഇവിടെ എത്തുന്നവരിൽ കൂടുതലും കുട്ടികളും യുവാക്കളുമാണ്. നഗരസഭ ക്ലീൻസിറ്റി മാനേജർ ടി.പി. അഷ്റഫ്, ആരോഗ്യ വിഭാഗം ജെ.എച്ച്.ഐ ബീരാൻകുട്ടി, പി.എച്ച്.ഐമാരായ ഡി.വി. ബിന്ദു, മുഹമ്മദ് ഹഫീദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
വട്ടംകുളത്ത് ശുചിത്വ പരിശോധന ഊർജിതം
എടപ്പാൾ: വേനൽ ചൂടിൽ ശീതളപാനീയ ശുചിത്വ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്.
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കൂൾബാറുകൾ, കരിമ്പിൻ ജ്യൂസ് കടകൾ, ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കുടിവെള്ള ശുചിത്വം പാലിക്കാനും പാനീയങ്ങളിൽ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിലെ ഭക്ഷ്യയോഗ്യമായ ഐസ് കട്ടകൾ ഉപയോഗിക്കാനും ഹോട്ടലുകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കാനും നിർദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ശോഭന കുമാരി, രാജേഷ് പ്രശാന്തിയിൽ, കെ.ജി. നിനു, രേഷ്മ പ്രവീൺ എന്നിവർ നേതൃത്വം നൽകി. ജലനജന്യ രോഗങ്ങൾ തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.