അയ്യപ്പനെ സ്നേഹ നിലയത്തിലെത്തിച്ച് പൊലീസും സന്നദ്ധ പ്രവർത്തകരും
text_fieldsവളാഞ്ചേരി: അസുഖം കാരണം മാസങ്ങളായി ടൗണിൽ അലഞ്ഞു തിരിയുന്ന അയ്യപ്പന് (45) രക്ഷകരായി പൊലീസുകാരും സന്നദ്ധ സേവകരും. മൂത്രം പിടിച്ചുനിർത്താൻ സാധിക്കാത്തതിനാൽ യൂറിൻ ബാഗുമായാണ് നടന്നിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിലും നിൽക്കുന്ന സ്ഥലത്തുമെല്ലാം മൂത്രമാകുന്നതിനാൽ ആരും അടുപ്പിച്ചിരുന്നില്ല.
മൂർക്കനാട് സ്വദേശിയായ ഇദ്ദേഹത്തെ ബന്ധുക്കളും കൈയൊഴിഞ്ഞതിനാൽ വളാഞ്ചേരി ടൗണിൽ മാസങ്ങളായി അലഞ്ഞ് നടക്കുകയായിരുന്നു. അറിയാതെ മൂത്രം പോയിരുന്നതിനാൽ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ഥിരമായി ഇരിക്കുന്നത് മറ്റ് യാത്രക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ വളാഞ്ചേരി യൂനിറ്റ് വർക്കിങ് പ്രസിഡൻറ് നിസാർ പലാറയാണ് ഇദ്ദേഹത്തിന് മാസങ്ങളായി ഭക്ഷണം നൽകിയിരുന്നത്.
വളാഞ്ചേരിയിലെ സന്നദ്ധ സംഘടന 'നന്മ' ഭാരവാഹികളായ കെ.വി. കുഞ്ഞിപ്പ, പി.വി. ഇഖ്ബാൽ മാസ്റ്റർ, നിസാർ എന്നിവർ വളാഞ്ചേരി പൊലീസിെൻറ സഹായത്തോടെ ചികിത്സക്കും സംരക്ഷണത്തിനുമായി അയ്യപ്പനെ പട്ടാമ്പി സ്നേഹനിലയത്തിൽ എത്തിച്ചു. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീർ, എസ്.ഐ മുഹമ്മദ് റാഫി എന്നിവർ സ്നേഹനിലയത്തിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. നന്മയുടെ നേതൃത്വത്തിൽ 5000 രൂപയുടെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും സ്നേഹനിലയം അധികൃതർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.