പാടശേഖരത്തിന്റെ നെഞ്ച് പിളർത്തി റോഡ് നിർമാണം; വെള്ളക്കെട്ടുമൂലം കൃഷിയിറക്കാനാകുന്നില്ല
text_fieldsവളാഞ്ചേരി: വയലുകളിലെ വെള്ളക്കെട്ട് കാരണം രണ്ടാം വിളയായ മുണ്ടകൻ നെൽ കൃഷിയിറക്കാനാവാതെ കർഷകർ. വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി പാടശേഖരങ്ങളിലെ ഒരു ഭാഗത്താണ് വെള്ളക്കെട്ട്. ദേശീയപാതയുടെ ഭാഗമായ പുതിയ റോഡ് പാടശേഖരത്തിൽ കൂടി നിർമിക്കുന്ന പ്രവർത്തനം ആരംഭിച്ചതോടെയാണ് ഒരുഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ദേശീയപാത ആറുവരിപ്പാതയാക്കുന്നന്റെ ഭാഗമായി വളാഞ്ചേരി ബൈപാസിൽ വട്ടപ്പാറ മുതൽ വടക്കുംമുറി വരെ വയഡക്റ്റ് പാലവും തുടർന്ന് മൂച്ചിക്കൽ ഓണിയിൽപാലം വരെ മണ്ണിട്ട് ഉയർത്തിയുമാണ് നിർമാണ പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി മൂച്ചിക്കൽ മുതൽ നരിപ്പൊറ്റ പാടശേഖരം വരെയുള്ള സ്ഥലത്തെ ഒരുവശത്തെ വയലുകളിലാണ് വ്യാപകമായി വെള്ളക്കെട്ട്. കാട്ടിപ്പരുത്തി പാടശേഖരത്തിലെ പറളിപ്പാടത്തിന്റെ ഒരുഭാഗം വെള്ളംമൂടി നിൽക്കുന്ന അവസ്ഥയിലാണ്.
വെള്ളം ഇറങ്ങിയാലേ കൃഷി ചെയ്യാനാവൂ. നിലവിലെ തോട് ഉയർത്തിയതിനാൽ തോട്ടിലേക്കും വെള്ളം ഒഴുകിപ്പോവുന്നില്ല. നിർമാണ കമ്പനിയെ അറിയിച്ചിട്ടും കെട്ടിനിൽക്കുന്ന വെള്ളം പൂർണമായി ഒഴുക്കിവിടാനുള്ള സംവിധാനം ചെയ്യുന്നില്ലെന്ന് കർഷകർ പറഞ്ഞു. പാടശേഖരത്തിന്റെ നെഞ്ച് പിളർത്തിയാണ് ബൈപാസ് നിർമാണം. പുതിയ റോഡിന്റെ ഒരുവശത്ത് വെള്ളവും മറുവശത്ത് ആവശ്യത്തിന് വെള്ളം ഇല്ലാത്ത അവസ്ഥയുമാണ്. വെള്ളക്കെട്ടുള്ള സ്ഥലത്ത് കർഷകർ കൃഷിയിറക്കാനാവാതെ പ്രയാസപ്പെടുകയാണ്.
ഓവുചാൽ വീതികൂട്ടുകയോ വെള്ളം ഒഴുകിപ്പോകാൻ കൂടുതൽ സ്ഥലങ്ങളിൽ സംവിധാനം ഒരുക്കുകയോ വേണമെന്ന് കാട്ടിപ്പരുത്തി പാടശേഖരസമിതി പ്രസിഡന്റ് സി.എച്ച്. അബ്ദുൽ ജബ്ബാർ ഗുരുക്കളും സെക്രട്ടറി ടി.എം. രാജഗോപാലനും ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും സന്ദർശനം നടത്തുകയല്ലാതെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.