പഴകിയ ഭക്ഷണം പിടിച്ചു; വളാഞ്ചേരിയിൽ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു
text_fieldsവളാഞ്ചേരി: ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കരുണ ആശുപത്രി കാന്റീൻ, നടക്കാവിൽ ആശുപത്രി കാന്റീൻ, ഹോട്ടൽ ബായി ബായി, ബിസ്മി ബേക്കറി, ഹോട്ടൽ നൂരിയ്യ, റോയൽ ഗ്രിൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയ പൊറോട്ട, ബീഫ്, ചിക്കൻ, മത്സ്യം, എണ്ണ, ചോറ്, കോഴിമുട്ട, ചപ്പാത്തി, ജിലേബി, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം വിൽക്കുന്ന നൂറിയ്യ, ബായി ബായി ഹോട്ടലുകൾ ആരോഗ്യ വിഭാഗം പൂട്ടി സീൽ ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വരുന്ന ഇവിടെ മുമ്പ് നടത്തിയ പരിശോധനയിലും ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു. ജിലേബി ഉൾപ്പെടെ പഴകിയതും പുതിയതും കൂട്ടിച്ചേർത്താണ് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വളാഞ്ചേരി നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
പരിശോധനക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വി.പി. സക്കീർ ഹുസൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.വി. ബിന്ദു, പി.പി. ജവഹർ സുഹാസ്, ഹരിത കർമസേന കോഓഡിനേറ്റർ മുഹമ്മദ് അഷ്റഫ്, ഷാജി, സിറാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.