ജനരോഷത്തിന് മുന്നിൽ ഭരണകൂടങ്ങൾ മുട്ടുമടക്കിയ ചരിത്രം മറക്കരുത് -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsവളാഞ്ചേരി: സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ജനരോഷത്തിന് മുന്നിൽ ഭരണകൂടങ്ങൾ മുട്ടുമടക്കിയ ചരിത്രമാണുള്ളതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ദേശീയപാതയിലെ മർക്കസ് മൂടാലിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പതുവർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് തുടങ്ങിയ ബൈപാസ് നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ന്യായീകരിക്കാവുന്നതല്ല. ഇടതുസർക്കാറിന്റെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നത്.
പ്രതിപക്ഷ നേതാവുമായി ആലോചിച്ച് ഇക്കാര്യം സർക്കാറിന്റെയും പൊതുമരാമത്ത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയർമാൻ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.പി.എ. മജീദ്, അഡ്വ. എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ കെ.എം. ഗഫൂർ, സി. മുഹമ്മദലി, അഷ്റഫ് കോക്കൂർ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, മുൻ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, വി. മധുസൂദനൻ, വെട്ടം ആലിക്കോയ, സലാം വളാഞ്ചേരി, പരപ്പാര സിദ്ദീഖ്, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, നന്ദന എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്, സമീപ പ്രദേശത്തെ ഗ്രാമപഞ്ചായത്ത്, നഗരസഭയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്ഥലത്ത് എത്തി. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തത് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.