വളാഞ്ചേരിയിൽ ലഹരിമരുന്ന് വേട്ട: അഞ്ച് പേർ അറസ്റ്റിൽ
text_fieldsവളാഞ്ചേരി: വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നിടങ്ങളിലായി നടന്ന പരിശോധനയിൽ 20 ഗ്രാം രാസലഹരിയും (എം.ഡി.എം.എ) അഞ്ച് ഗ്രാം ഹഷീഷ് ഓയിലും പിടികൂടി. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കാവുംപുറം കടശ്ശേരി വളപ്പിൽ ഇസ്മായിൽ (26), തൃത്താല മലക്കാട്ടിരി കക്കാട്ടിരി അരിപ്ര വീട്ടിൽ അബ്ദുൽ സലീം (32), തൃത്താല കൊട്ടപ്പാടം കല്ലത്ത് പറമ്പിൽ കിരൺ (28), എടയൂർ മാവണ്ടിയുർ താഴത്തേപള്ളിയാലിൽ മുഹ്സിൻ (24), എടയൂർ അത്തിപ്പറ്റ അമ്പലാടത്ത് അഫ്സൽ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാവുംപുറത്തെ ഇസ്മായിലിന്റെ വീട്ടിൽ നിന്നാണ് അഞ്ച് ഗ്രാം രാസലഹരിയും മൂന്ന് ഗ്രാം ഓയിലും പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വളാഞ്ചേരി ഓണിയിൽ പാലത്തിന് സമീപം അബ്ദുൽ സലീം, കിരൺ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് അഞ്ച് ഗ്രാം രാസലഹരിയും സിറിഞ്ചുകളും പിടികൂടിയത്.
രാത്രി പത്തോടെ വളാഞ്ചേരി -പട്ടാമ്പി റോഡിൽ കൊടുമുടിയിൽ നടത്തിയ പരിശോധനക്കിടെയാണ് മുഹ്സിൻ, സുഹൃത്ത് അഫ്സൽ എന്നിവർ സഞ്ചരിച്ച കാറിൽനിന്ന് 11 ഗ്രാം രാസലഹരിയും മൂന്ന് ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയത്. പാലക്കാട് ഭാഗത്ത് നിന്ന് വളാഞ്ചേരിയിലേക്ക് കടത്തുകയായിരുന്നു ലഹരി വസ്തുക്കൾ. അയൽസംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായി മയക്കുമരുന്ന് കൊണ്ടുവന്ന് ജില്ലയിൽ വിതരണം നടത്തുന്നവരാണ് പ്രതികളെന്നും ഇസ്മായിൽ, സലീം, അഫ്സൽ എന്നിവർ ലഹരി മരുന്നുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷ അനുഭവിച്ചവരാണെന്നും പൊലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത്, എസ്.ഐ മാരായ മുഹമ്മദ് റാഫി, സുധീർ, ശ്രീകുമാർ, അബ്ദുൽ അസീസ്, എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ മാരായ ദീപക്, ഹാരിസ്, ജയപ്രകാശ്, സി.പി. ഒ വിനീത്, ഗീരീഷ്, ശ്രീജിത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ബൈക്കുകളും കാറുകളും കസ്റ്റഡിയിലെടുത്തു. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.