രണ്ട് വയസ്സുകാരന്‍റെ ചികിത്സക്ക് റമദാൻ രാവുകളിൽ യുവാക്കൾ സ്വരൂപിച്ചത് 3,33,333 രൂപ
text_fieldsവളാഞ്ചേരി: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നിർദേശിക്കപ്പെട്ട കാർത്തല സ്വദേശിയായ രണ്ട് വയസ്സുകാരൻ കാർത്തികിന്‍റെ ചികിത്സ സഹായത്തിനായി ഫോർ ട്വന്‍റി ചലഞ്ചിലൂടെ റമദാൻ രാവുകളിൽ യുവാക്കൾ സ്വരൂപിച്ചത് 3,33,333 രൂപ. യുവാക്കളുടെ കൂട്ടായ്മയായ വാസ്ക് വടക്കുംമുറി ക്ലബ് ചില്ലി മാംഗോ, നന്നാറി സർബത്ത്, ചുരണ്ടി ഐസ് എന്നിവ വിൽപന നടത്തിയാണ് ഇത്രയും പണം സ്വരൂപിച്ചത്.
ബിരിയാണി-പായസ ചലഞ്ചുകളിൽനിന്ന് വ്യത്യസ്തമായി ജീവകാരുണ്യ പ്രവർത്തനത്തിനായി വേറിട്ട രീതിയുമായി രംഗത്തു വന്നപ്പോൾ കുട്ടികൾ ഉൾപ്പെടെ നാട്ടുകാർ കൈയയച്ച് സഹായിച്ചു. വളാഞ്ചേരി നഗരസഭയിലെ വടക്കുംമുറിയിൽ വൈകീട്ട് ഏഴിന് ശേഷം ആരംഭിച്ച വിൽപന പലപ്പോഴും രാത്രി 11 വരെ നീണ്ടിരുന്നു. വിൽപനക്ക് വെച്ച ഒരോ ഇനത്തിനും പത്ത് രൂപയാണ് ഈടാക്കിയതെങ്കിലും പലരും കൂടുതൽ തുക നൽകി യുവാക്കൾക്ക് കരുത്തേകി. ഓരോ ദിവസത്തെയും ചെലവിലേക്കാവശ്യമായ തുക വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നൽകി.
വിൽപനയിലൂടെ ലഭിച്ച മുഴുവൻ പണവും പ്രവർത്തകർ ചികിത്സ സഹായ സമിതി രക്ഷാധികാരി ഡോ. കെ.ടി. ജലീൽ എം.എൽ.എ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ എന്നിവർക്ക് കൈമാറി. ചികിത്സ സഹായ സമിതി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ട്രഷറർ നൗഷാദ് അമ്പലത്തിങ്ങൽ, ക്ലബ് ഭാരവാഹികളായ ജലീൽ മാളിയേക്കൽ, റഫീഖ്, സൈദ് മുഹമ്മദ് ആഷിഖ്, പി. ആഷിഖ്, പി.പി. ഇർഷാദ്, സുഹൈൽ, പി. അഷ്റഫ് പി.പി. സ്വാദിഖ്, സജീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.