ബാലറ്റ് പേപ്പറുമായി ഉദ്യോഗസ്ഥർ വീട്ടിൽ; രേഖപ്പെടുത്തിയത് ചരിത്രവും
text_fieldsമലപ്പുറം/വളാഞ്ചേരി: കോവിഡ് കാലത്ത് നടക്കുന്ന കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളുടെ കൂട്ടത്തിലേക്ക് വീട്ടിലെ വോട്ടും. കോവിഡ് ബാധിച്ചവർക്കും ക്വാറൻറീനിൽ ആയവർക്കുമുള്ള പ്രത്യേക പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യലിന് ജില്ലയിൽ തുടക്കമായി.
നിയമനം ലഭിച്ച പ്രത്യേക പോളിങ് ഓഫിസറും പോളിങ് അസിസ്റ്റൻറും വീടുകളിൽ എത്തിയാണ് വോട്ട് ചെയ്യിക്കുന്നത്. പി.പി.ഇ കിറ്റ് ധരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയ വാഹനങ്ങളിലായി ബാലറ്റ് പേപ്പറുമായി ഇവർ വീട്ട് മുറ്റത്തെത്തുന്നു. ആരോഗ്യ വകുപ്പിൽനിന്ന് ലഭിക്കുന്ന ലിസ്റ്റിലുള്ളവർക്കാണ് വീട്ടിൽ വോട്ട്. ഡിസംബർ 13 വൈകീട്ട് മൂന്നുവരെ പ്രത്യേക പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യൽ പ്രക്രിയ തുടരും.
പൊലീസുകാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഉണ്ടാകുമെന്നറിയിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും പോളിങ് ഓഫിസർമാരും അസി. പോളിങ് ഓഫിസർമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളം കുടിക്കാനോ മറ്റ് പ്രാഥമികാവശ്യങ്ങൾ ചെയ്യാനോ സാധിക്കാതെ പി.പി.ഇ കിറ്റ് ധരിച്ചുള്ള ജോലി ചെയ്യൽ ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും ആദ്യ അനുഭവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.