'എനിക്ക് 10 വയസ്സാണ്; എെൻറ രക്തം സ്വീകരിക്കുമോ' വിമാനാപകട സമയത്ത് വിളിച്ചത് ഈ മിടുക്കി
text_fieldsവളാഞ്ചേരി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് രക്തം നൽകാൻ തയാറാണെന്ന് ഫോണിലൂടെ വിളിച്ചറിയിച്ച പത്ത് വയസ്സുകാരിക്ക് അഭിനന്ദന പ്രവാഹം. അപകടം നടന്നയുടൻ രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് സഹോദരിയുടെ േഫാണിൽ കണ്ടപ്പോഴാണ് കോഴിക്കോട്ടെ രക്തദാനസേന കോഓഡിനേറ്ററെ വിളിച്ച് വെങ്ങാട് ടി.ആർ.കെ.എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ ഷെറിൻ രക്തം നൽകാൻ തയാറാണെന്നറിയിച്ചത്.
'എനിക്ക് 10 വയസ്സാണ്. 10 വയസ്സുകാരിയുടെ രക്തം സ്വീകരിക്കുമോ' എന്നാണവൾ ആദ്യം ചോദിച്ചത്. 10 വയസ്സ് മാത്രമായതിനാൽ രക്തം സ്വീകരിക്കാനാകില്ലെന്നും വിളിച്ചതിൽ സന്തോഷമുണ്ടെന്നും കോഓഡിനേറ്റർ മറുപടി നൽകി.
എടയൂർ അത്തിപ്പറ്റ കൂനങ്ങാട്ടുപറമ്പിൽ സക്കീർ ഹുസൈൻ-ഹസീന ദമ്പതികളുടെ മകളാണ് ഫാത്തിമ ഷെറിൻ. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് തുടങ്ങി നിരവധി പേർ അഭിനന്ദനമറിയിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈസ് പ്രസിഡൻറ് സലിം വളാഞ്ചേരി, ജില്ല വൈസ് പ്രസിഡൻറ് നൗഷാദ് കാളിയത്ത്, തിരൂർ താലൂക്ക് രക്ഷാധികാരി വി.പി.എം. സാലിഹ്, ഷാജി സൽവാസ് തുടങ്ങിയവർ അത്തിപ്പറ്റയിലെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.