ആരുമില്ലാത്തവർക്ക് കൂടെയുണ്ട്, ഹാപ്പിനസ് ഓട്ടോ
text_fieldsവളാഞ്ചേരി: വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗികൾക്കും മുതിർന്ന വ്യക്തികൾക്കും ജീവിതത്തിലെ വിരസതയകറ്റുക എന്ന ലക്ഷ്യം വെച്ച് വളാഞ്ചേരിയിൽ ഹാപ്പിനസ് ഓട്ടോ സർവിസ് ആരംഭിച്ചു. അസുഖം ബാധിച്ച് വീടിനുള്ളിൽ കഴിയുന്നവർക്കും വയോധികർക്കും അശരണർക്കും പ്രകൃതി സൗന്ദര്യം കണ്ട് ഉല്ലസിക്കാനും, ചികിത്സക്ക് ആശുപത്രിയിൽ പോകാനോ, ബന്ധുക്കളുടെ വീടുകളിലോ സൽക്കാരങ്ങൾക്ക് പോകാനോ ഈ ഓട്ടോ ഉണ്ടാകും. സഹായത്തിന് ആരും ഇല്ലെങ്കിൽ ടീം വളാഞ്ചേരിയുടെ സന്നദ്ധ പ്രവർത്തകൻ മീണ്ടീം പറഞ്ഞിരിക്കാനും കൂടെ ഉണ്ടാവും. ദരിദ്രർ ആണെങ്കിൽ യാത്ര തികച്ചും സൗജന്യമാകും. സാമ്പത്തിക ശേഷിയുള്ളവർക്ക് ഹാപ്പിനെസ് ഓട്ടോയുടെ സേവനത്തിന് പ്രതിഫലമായി ഇഷ്ടമുള്ള തുക നൽകാം.
ജിദ്ദയിലെ ഒരു കൂട്ടം പ്രവാസി സഹോദരിമാരുടെ കൂട്ടായ്മയായ ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐവൊ) ആണ് ഓട്ടോ സൗജന്യം സേവനം ഒരുക്കിയത്. വളാഞ്ചേരി ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ പ്രതിനിധി സറീന ലത്തീഫിൽനിന്ന് ടീം വളാഞ്ചേരി വളന്റിയർ ഹസ്സൻ കുട്ടി താക്കോൽ ഏറ്റുവാങ്ങി. പൊന്നാനി എ.എം.വി.ഐ അഷറഫ് സൂർപ്പിൽ ഉദ്ഘാടനം ചെയ്തു. വി.പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
എൻജിനിയർ അബ്ദുൽ ലത്തീഫ്, ടീം വളാഞ്ചേരി ചെയർമാൻ പി.വി. ഇക്ബാൽ, ഐ.എം.എ സെക്രട്ടറി ഡോ. കെ.ടി. റിയാസ്, ടീം വളാഞ്ചേരി കൺവീനർ കെ.ബി. കുഞ്ഞിപ്പ, രാധാമണി ഐങ്കലത്ത്, നഗരസഭ കൗൺസിലർമാരായ സാജിത, ഈസ നമ്പ്രത്ത്, നൗഷാദ്, ജെ.സി.ഐ പ്രസിഡന്റ് ജസ്നി ബഷീർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അസ്റ നസ്റിൻ എന്നിവർ സംസാരിച്ചു. ഓട്ടോയുടെ സൗജന്യ സേവനം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ-9847505109.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.