മഴയിൽ കാവുമ്പുറത്ത് വീടുകളിലും പള്ളിയിലും വെള്ളം കയറി
text_fieldsവളാഞ്ചേരി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കാവുമ്പുറത്തെ ആറ് വീടുകളിലും പള്ളിയിലും വെള്ളം കയറി. ആതവനാട് റോഡിലെ സലഫി മസ്ജിദിലാണ് വെള്ളം കയറിയത്. ദേശീയപാതയുടെ ഭാഗമായുള്ള വളാഞ്ചേരി ബൈപാസിലെ വയഡക്ട് പാലം നിർമാണത്തെ തുടർന്ന് ഇവിടെയുള്ള തോടിന്റെ വീതി കുറഞ്ഞതാണ് വെള്ളമൊഴുക്കിന് തടസ്സമുണ്ടാകാൻ കാരണം. വയഡക്ട് പാലത്തിന്റെ തൂണുകൾ നിർമിച്ചതിനെ തുടർന്ന് ആറ് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് പല ഭാഗത്തും ചുരുങ്ങി.
കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ തോട് കരകവിഞ്ഞൊഴുകിയാണ് വീടുകളിലും മസ്ജിദിലും വെള്ളം കയറിയത്. ചില വീട്ടുകാർ താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചു. പള്ളിയിലെ കാർപ്പറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു. ദേശീയപാത നിർമാണ കമ്പനി അധികൃതരെത്തി റോഡിൽ അടിഞ്ഞ മണ്ണ് നീക്കി ഗതാഗത തടസ്സം നീക്കി. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, വാർഡ് കൗൺസിലർ സദാനന്ദൻ കോട്ടീരി എന്നിവർ സ്ഥലം സന്ദർശിച്ചു.
കുത്തിയൊഴുകിവരുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകാനാകുംവിധം തോട് വിപുലപ്പെടുത്തണമെന്നാവശ്യം ശക്തമാണ്. നിരന്തരമായി വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നത് ഇവിടെ റോഡ് തകർച്ചക്കും ഇടയാക്കുന്നുണ്ട്. തോട്ടിലൂടെയുള്ള വെള്ളമൊഴുക്ക് സുഗമമാക്കാൻ നടപടിയാവശ്യപ്പെട്ട് വാർഡ് കൗൺസിലർ നേരത്തേ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.