ചരിത്ര വിദ്യാർഥികൾക്ക് കൗതുകം പകർന്ന് വീട്ടമ്മയുടെ പുരാവസ്തു ശേഖരം
text_fieldsവളാഞ്ചേരി (മലപ്പുറം): പാഴ്വസ്തുക്കൾകൊണ്ട് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമിച്ചും പുരാവസ്തുക്കളുടെ ശേഖരമൊരുക്കിയും വീട്ടമ്മ ശ്രദ്ധേയയാവുന്നു. കരേക്കാട് സ്വദേശി കൊന്നക്കാട്ടിൽ സുലൈഖയാണ് (54) പാഴ്വസ്തുക്കൾകൊണ്ട് ഉൽപന്നങ്ങൾ നിർമിക്കുന്നത്. ഗ്രാമഫോൺ, പഴയ കാമറ, വാച്ചുകൾ, അരഞ്ഞാണം, കോളാമ്പി, നാണയങ്ങൾ, മൺപാത്രങ്ങൾ, മരപ്പെട്ടികൾ, കിണ്ടി, നാരായം, പറ, പഴയ റേഡിയോ, മുള കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും ഇവരുടെ ശേഖരത്തിലുണ്ട്.
എല്ലാ വസ്തുക്കളിലും ഒരു സൗന്ദര്യമുണ്ടെന്നും അത് തിരിച്ചറിഞ്ഞാൽ മതിയെന്നും ചില പാഴ്വസ്തുക്കളിൽ നമ്മൾ ചില സൂത്രങ്ങൾ ഉപയോഗിച്ചാൽ അത് അപൂർവ വസ്തുവായി മാറുമെന്നും സുലൈഖ പറയുന്നു. ഒപ്പം ചിത്രം വരയും കൂട്ടിനുണ്ട്. പുരാവസ്തുക്കളുടെയും മറ്റും ശേഖരണത്തിന് വിവാഹ ശേഷം ഭർത്താവ് മുസ്തഫയും പ്രോത്സാഹനം നൽകി.
200 വർഷം പഴക്കമുള്ള ഖുർആൻ കോപ്പിയും മുളകൊണ്ട് തയാറാക്കിയ ഗ്ലാസും മറ്റു ഉപകരണങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. ഗ്ലാസ് പെയിന്‍റിങ് ഉൾപ്പെടെയുള്ള കരകൗശല പ്രവർത്തനങ്ങളിലും സജീവമാണ് ഈ വീട്ടമ്മ. സുലൈഖയുടെ കരവിരുതിൽ തെളിഞ്ഞ നിരവധി ചിത്രങ്ങളും ഗ്ലാസ് പെയിന്‍റിങ്ങുകളും ഈ പുരാവസ്തു ശേഖരത്തിനു മാറ്റ് കൂട്ടുന്നു.
നേരത്തേ വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചതെങ്കിൽ ഉൽപന്നങ്ങളുടെ എണ്ണം വർധിച്ചതോടെ വീടിനോട് ചേർന്ന് ഒരു വലിയ ഷെഡ് തയാറാക്കി അതിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൾ ശബ്‌നവും വിദേശത്തുള്ള മകൻ ശഹബാസും എല്ലാ പ്രോത്സാഹനവും നൽകി ഒപ്പമുണ്ട്. ഇവരുടെ അയൽവാസി നാണി ടീച്ചറും സുലൈഖയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് കൂടെയുണ്ട്.
സുലൈഖയുടെ ഈ പുരാവസ്തു ശേഖരം പ്രദേശത്തെ പല സ്കൂളുകളിലും കൊണ്ടുപോയി പ്രദർശിപ്പിക്കാറുണ്ട്. വനിതകളുടെ വാട്സ്ആപ് കൂട്ടായ്മ വഴി കശ്മീരിൽ പോയിട്ടുണ്ട് സുലൈഖ. സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായ ഇവർ പ്രദേശത്തെ സ്ത്രീകൾ മരണപ്പെട്ടാൽ മയ്യിത്ത് പരിപാലനത്തിന് മുൻപന്തിയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.