പ്ലാവിലയിൽ വിസ്മയം തീർത്ത് എൻജിനീയറിങ് വിദ്യാർഥി
text_fieldsവളാഞ്ചേരി: പ്ലാവിലയിൽ പ്രശസ്ത വ്യക്തികളുടെ രൂപങ്ങളൊരുക്കി എൻജിനീയറിങ് വിദ്യാർഥി. എടയൂർ സി.കെ പാറ സ്വദേശിയും കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയുമായ ആതവനാട് വിവേക് (21) ആണ് പ്ലാവിലയിൽ രൂപങ്ങൾ തയാറാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ജവഹർലാൽ നെഹ്റു വരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാർ, ഫുട്ബാൾ താരങ്ങൾ, സിനിമാ നടൻമാർ തുടങ്ങി ഒട്ടനവധി വ്യക്തികളുടെ രൂപങ്ങളാണ് പ്ലാവിലയിൽ തീർത്തത്.
ലോക്ക്ഡൗൺ കാലത്ത് കൗതുകമായി തുടങ്ങിയ പ്രവൃത്തി പിന്നീട് വ്യത്യസ്ത ആവിഷ്കാരങ്ങളിലേക്ക് കടക്കുകയായിരുന്നു. പ്രമുഖ കായികതാരങ്ങളുടെ മുഖം ഇലയിൽ വെട്ടിയെടുത്തായിരുന്നു തുടക്കം. ഇലയിൽ വിരിഞ്ഞ രൂപങ്ങൾ കണ്ടതോടെ വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. അതോടെ കൂടുതൽ രൂപങ്ങളുണ്ടാക്കി. പച്ച പ്ലാവിലയിൽ രൂപം വരച്ച് പിന്നീട് വെട്ടിയെടുക്കുകയാണ് ചെയ്യുക. 15 പ്രധാനമന്ത്രിമാരുടെ മുഖം പ്ലാവിലയിലൊരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി. മ്യൂറൽ ആർട്ടിനൊപ്പം പാഴ് വസ്തുക്കളിൽനിന്ന് വിവിധ രൂപങ്ങൾ തയാറാക്കാറുണ്ട്. എം. വിനോദിന്റെയും വി. ബിന്ദുവിന്റെയും മകനാണ്. വിശാഖ്, വിനീത എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.