ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി; ടാങ്കിന് സ്ഥലമേറ്റെടുക്കാൻ ഭരണാനുമതി
text_fieldsവളാഞ്ചേരി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അറിയിച്ചു. ആതവനാട് വില്ലേജിൽ ഉൾപ്പെട്ട 60 സെന്റ് സ്ഥലത്ത് നിർമിക്കുന്ന ടാങ്കിൽ നിന്ന് ആതവനാട്, മാറാക്കര പഞ്ചായത്തുകളിലേക്കും കോട്ടക്കൽ നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതിക്കും വെള്ളമെത്തിക്കും.
കുറ്റിപ്പുറം, ആതവനാട്, തിരുന്നാവായ, മാറാക്കര പഞ്ചായത്തുകളിലായി 221.07 കോടി രൂപയുടെ ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുറ്റിപ്പുറം പഞ്ചായത്തിൽ മാത്രം 121.77 കോടി രൂപ പ്രവൃത്തികളാണ് നടപ്പിലാക്കുക. കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിൽ ഉന്നതതല ജലസംഭരണിയുടെയും ഭൂതല സംഭരണിയുടേയും നിർമാണം പുരോഗമിക്കുകയാണ്. 24 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജല സംഭരണിയുടെയും 19 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയുടെയും 75 ശതമാനം ജോലികളാണ് പൂർത്തീകരിച്ചത്. കുറ്റിപ്പുറം - ചെങ്ങണക്കടവിൽ കിണറിന്റെയും പമ്പ് ഹൗസിന്റെയും 50 ശതമാനം നിർമാണ ജോലികളും കഴിഞ്ഞു. പമ്പ് ഹൗസിൽ നിന്ന് നിളയോരം പാർക്കിന് സമീപത്ത് നിർമിക്കുന്ന ജല ശുദ്ധീകരണ ശാല വരെയുള്ള രണ്ട് കിലോമീറ്ററിൽ 800 എം.എം വ്യാസമുള്ള പമ്പിങ് മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുകയാണ്.
48 എം.എൽ.ഡി സംഭരണശേഷിയുള്ള ജല ശുദ്ധീകരണ ശാലയാണ് നിളയോരം പാർക്കിന് സമീപത്ത് സ്ഥാപിക്കുന്നത്. ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജലശുദ്ധീകരണ ശാലക്കുള്ള രൂപകൽപന ജോലികൾ നടക്കുകയാണ്.
ആതവനാട് പഞ്ചായത്തിലെ മലയിൽ ഭാഗത്ത് സ്ഥാപിക്കുന്ന കുടിവെള്ള ടാങ്കിലേക്ക് കിൻഫ്രയിലെ ഭൂതല ജലസംഭരണിയിൽ നിന്ന് 700 എം.എം വ്യാസമുള്ള പൈപ്പ് ലൈൻ വഴിയാണ് വെള്ളമെത്തിക്കുക.
മലയിൽ ടാങ്ക് നിർമാണത്തിന് സ്ഥലമേറ്റെടുക്കാൻ ആതവനാട്, മാറാക്കര പഞ്ചായത്തുകളും, കോട്ടക്കൽ നഗരസഭയുമാണ് ഫണ്ട് നീക്കി വെച്ചിട്ടുള്ളത്. കോട്ടക്കൽ നഗരസഭ കുടിവെള്ള പദ്ധതിക്ക് പുതിയ കണക്ഷനുകൾ നൽകുവാനും പൈപ്പ് ലൈൻ സ്ഥാപിക്കാനും 16.529 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.