കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെ വലിയ വാഹനങ്ങൾക്ക് വിലക്ക്
text_fieldsവളാഞ്ചേരി: കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസിൽ അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെ ടാറിങ് പൂർത്തിയാകുന്നത് വരെ വലിയ വാഹനങ്ങൾ പോകുന്നത് ഒഴിവാക്കാൻ വളാഞ്ചേരിയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം.
റോഡ് പണി പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിൽ വലിയ വാഹനങ്ങൾ പോകുന്നത് അനുവദിക്കാതിരിക്കുക, അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെ ടാറിങ് വേഗം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച പ്രദേശവാസികൾ നടത്തിയ റോഡ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വളാഞ്ചേരി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനും അടുത്ത ദിവസം തന്നെ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. ടൗണിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഒരാഴ്ചക്കകം പൂർത്തീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കും.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം മാരാത്ത്, നഗരസഭ സെക്രട്ടറി എച്ച്. സീന, കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫിസർ പത്മരാജൻ, വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സുധീർ, കുറ്റിപ്പുറം പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ ജോമി തോമസ്, തിരൂർ ആർ.ടി.ഒ പ്രതിനിധി മുനീബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.