വളാഞ്ചേരിയിലെ കെ.എസ്.ആർ.ടി.സി ബസ് കാത്തിരിപ്പുകേന്ദ്രം അപകടഭീഷണിയിൽ
text_fieldsവളാഞ്ചേരി: കോഴിക്കോട് റോഡിൽ ഫെഡറൽ ബാങ്കിന് സമീപത്തെ കെ.എസ്.ആർ.ടി.സി ബസ് കാത്തിരിപ്പുകേന്ദ്രം അപകടഭീഷണിയിൽ. 14 വർഷം മുമ്പ് ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം.
കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പരിസരത്തായാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്.
വളാഞ്ചേരിയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിച്ചിരുന്ന കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഉപയോഗിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചതോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് എടപ്പാളിലേക്ക് മാറ്റി.
പ്രതിഷേധം ശക്തമായതോടെ ഓഫിസ് വീണ്ടും വളാഞ്ചേരിയിലേക്ക് കൊണ്ടുവരുമെന്ന് സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് നിർത്തലാക്കിയതോടെ കെ.എസ്.ആർ.ടി.സി ബസുകളും എസ്.ബി.ഐക്ക് സമീപം ദീർഘദൂര സ്വകാര്യബസുകൾ നിർത്തുന്ന സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും തുടങ്ങി.
ബസുകൾ നിർത്താതായതോടെ ഫെഡറൽ ബാങ്കിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാനും ആളുകൾക്ക് വിശ്രമിക്കാനുമുള്ള ഇടമായി മാറി. കാത്തിരിപ്പുകേന്ദ്രത്തിന്റെ തൂണുകളുടെ അടിഭാഗം തുരുമ്പെടുത്ത് പൊട്ടിയ അവസ്ഥയിലാണ്. ഒരുഭാഗത്തേക്ക് ചരിഞ്ഞ കാത്തിരിപ്പുകേന്ദ്രം തൊട്ടടുത്ത വിളക്കുകാലിൽ തടഞ്ഞാണ് നിൽക്കുന്നത്. കേന്ദ്രം റോഡിൽ പതിച്ച് ദുരന്തം സംഭവിക്കുന്നതിനുമുമ്പ് ഇവിടെനിന്ന് മാറ്റണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.