മലയാളി പ്രഫസറുടെ പുസ്തകം ഈജിപ്തിൽ പ്രസിദ്ധീകരിച്ചു
text_fieldsവളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം കോളജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ. കെ. മുഹമ്മദ് റിയാസിന്റെ പുസ്തകം ഈജിപ്തിലെ പബ്ലിഷിങ് ബ്യൂറോ ദീവാനുൽ അറബ് പ്രസിദ്ധീകരിച്ചു. ഈജിപ്തിന്റെ മുൻ സാംസ്കാരിക മന്ത്രിയും പ്രമുഖ എഴുത്തുകാരനുമായ യൂസുഫ് അസ്സിബാഇയുടെ നോവലുകളിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് പുസ്തകത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ മൊറോക്കൻ സാഹിത്യകാരി അംന അൽ ബറദാവിയാണ് ആമുഖം എഴുതിയിരിക്കുന്നത്.
ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം നിർവഹിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നായി പ്രസിദ്ധീകരിക്കുന്ന അറബി, ഇംഗ്ലീഷ്, മലയാളം ജേണലുകളിൽ അദ്ദേഹത്തിന്റെ ധാരാളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രബന്ധാവതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ കാലിക്കറ്റ് സർവകലാശാല ബിരുദ പഠന ബോർഡ് അംഗവും ലബനാനിലെ ബൈറൂത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി ഭാഷ ജനറൽ അസംബ്ലിയിൽ അംഗവുമാണ്.
അങ്ങാടിപ്പുറം പരിയാപുരം കുന്നുമ്മൽ ഹംസ, പാലോളി മൈമൂന ദമ്പതികളുടെ മകനാണ്. ഹിബ യു. ഉമ്മർ ഭാര്യയും ദുആ മെഹ് നൂർ, ഇൽ ഹാം ഫാദി എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.