ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശിയെ പൊലീസിൽ ഏൽപ്പിച്ചു
text_fieldsവളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27കാരൻ വളാഞ്ചേരിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കുളമംഗലം ഉൾപ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പരുങ്ങി നിൽക്കുന്ന അപരിചിതനെ കണ്ട വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഗൾഫിൽ പരിചയപ്പെട്ട സുഹൃത്തിനെ തേടിയാണ് വന്നതെന്നും വഴി തെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നുമാണ് യുവാവ് നാട്ടുകാരോട് പറഞ്ഞത്. വിശക്കുന്നുവെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ യുവാവിന് ഭക്ഷണം കൊടുത്തു. നാട്ടുകാർ ബാഗും ഫോണും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. യുവാവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗവുമായും യുവാവിന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു.
യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയ നാട്ടുകാർ വളാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ സുജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ ആണ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവതി വിളിച്ചിട്ടാണ് താൻ വന്നതെന്നും വളാഞ്ചേരിയിൽ എത്തിയപ്പോൾ യുവതി ഫോൺ സ്വിച്ച് ഓഫാക്കിയതിനെ തുടർന്ന് വഴിതെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. ആർക്കും പരാതിയില്ലാതിരുന്നതിനാൽ കൊല്ലത്ത് നിന്നു വന്ന ബന്ധുക്കളോടൊപ്പം യുവാവിനെ പൊലീസ് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.