നരിപ്പറ്റ -പറളിപ്പാടം-കാട്ടിപ്പരുത്തി നടപ്പാത ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsവളാഞ്ചേരി: വിദ്യാർഥികൾക്കും, പ്രഭാത, സായാഹ്ന സവാരിക്കാർക്കുമുൾപ്പെടെ സൗകര്യമൊരുക്കി നരിപ്പറ്റ - പറളിപ്പാടം- കാട്ടിപ്പരുത്തി നടപ്പാതയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. വളാഞ്ചേരി നഗരസഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യഘട്ടം 200 മീറ്റർ നീളത്തിൽ പൂർത്തികരിച്ചത്.
നഗരസഭയിൽ 27, 23 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന നടപ്പാതയിൽ നരിപ്പറ്റ മുതൽ പറളിപ്പാടം വരെയാണ് പൂർത്തിയായത്. കാവുമ്പുറം - കാട്ടിപ്പരുത്തി - ഓണിയൽപ്പാലം തോടിന്റെ കൈവരി കെട്ടിയാണ് നടപ്പാത പൂർത്തിയാക്കുക. മൂന്നടി മുതൽ അഞ്ചടി വരെയാണ് നടപ്പാതയുടെ വീതി.
നിലവിൽ പണി പുരോഗമിക്കുന്ന ദേശീയപാത വളാഞ്ചേരി ബൈപാസിനടിയിൽ കൂടിയാണ് നടപ്പാത കറ്റട്ടികുളത്തിന് സമീപം എത്തുക. പാത പോവുന്ന സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് വളാഞ്ചേരി ഹയർസെക്കൻററി സ്കൂൾ, ഗേൾസ് ഹയർസെക്കൻററി സ്കൂളുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലേക്ക് എത്താൻ സൗകര്യപ്രദമാവും. തോടിന്റെ വരമ്പിനോട് ചേർന്ന് വയലിലൂടെ നിർമിച്ച നടപ്പാത വഴിയുള്ള യാത്ര പ്രകൃതിമനോഹരവുമാകും.
കാട്ടിപ്പരുത്തി കറ്റട്ടികുളം വരെ 195 മീറ്റർ പാതയുടെ രണ്ടാം ഘട്ട നിർമാണം വൈകാതെ ആരംഭിക്കും. ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, നടപ്പാതയുടെ വീതി കൂടിയ ഇടങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിക്കുമെന്നും നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പെരുന്നാളിന് നടപ്പാത തുറന്നുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.